airport
പ്രവാസി

പാലക്കാട്: ദുബായ്, അബുദാബി, മസ്‌കറ്റ്, മാലിദ്വീപ്, ബഹറിൻ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളും കൊച്ചി തുറമുഖവും വഴി 17ന് ജില്ലയിലെത്തിയത് 70 പേർ. ഇവരിൽ 51 പേരെ കൊവിഡ് സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്.

ദുബായിൽ നിന്ന് നെടുമ്പാശേരി വഴി 15 പേരാണെത്തിയത്. ഇവരിൽ ഏഴുപേർ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കി എട്ടുപേർ വീടുകളിലാണ്. അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ പാലക്കാട് സ്വദേശികളായ 16ൽ 13 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്.

ദുബായ്, അബുദാബി എന്നിവിടങ്ങളിൽനിന്നും വന്ന 20 പേരിൽ 15 പേരെ കപ്പൂർ സലാഹുദ്ദീൻ അയൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലും അഞ്ചുപേരെ ചാലിശേരി റോയൽ ഡെന്റൽ കോളേജ് ഹോസ്റ്റലിലുമാണ് നിരീക്ഷണത്തിലാക്കിയത്. മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരം വഴിയെത്തിയ ഒരാളെ പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കി. ബഹറിനിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ നാലുപേരെ എറണാകുളത്ത് നിരീക്ഷണത്തിലാക്കി.

മാലദ്വീപിൽ നിന്ന് കൊച്ചിയിലെത്തിയ ഐ.എൻ.എസ് ജലാശ്വയിൽ 34 പാലക്കാട് സ്വദേശികൾ. ഇവരിൽ 30 പേരെ കുളപ്പുള്ളി അൽ അമീൻ എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലംഗ കുടുംബം വീട്ടിൽ നിരീക്ഷണത്തിലാണ്.

ജില്ലയിൽ വീടുകളിലും സർക്കാരിന്റെ കൊവിഡ് കെയർ സെന്ററുകളിലുമായി 315 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 155 പേരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുള്ളത്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേിൽ 19 പേരും ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ 29 പേരും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ പത്തുപേരും പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉള്ള 16 പേരും പട്ടാമ്പി സലാഹുദീൻ അയൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 22 പേരും ചാലിശേരി റോയൽ ഡെന്റൽ കോളേജിലെ അഞ്ചുപേരും കുളപ്പുള്ളി അൽ അമീൻ എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും ഉൾപ്പെടെയാണിത്. ഇതിന് പുറമേ 160 പ്രവാസികളാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.

ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ നിലവിൽ വന്നു. കടമ്പഴിപ്പുറം, മുതുതല, കാരാകുറുശി, കോട്ടായി, മുതലമട എന്നീ പഞ്ചായത്തുകളിൽ നിന്നായി പത്ത് വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്.

കടമ്പഴിപ്പുറം 2, 11, 18 വാർഡുകൾ, മുതുതല പത്താം വാർഡ്, കാരാകുറിശി ആറാം വാർഡ്, കോട്ടായി നാലാം വാർഡ്, മുതലമട 15, 16, 19, 20 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ. ഒരു പ്രദേശത്ത് ഒന്നോ അതിലധികമോ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശമാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുക.