dam
മലമ്പുഴ ഡാം

പാലക്കാട്: കനത്ത വേനലിന് ശേഷവും ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിന് കുറവില്ല. കഴിഞ്ഞ വർഷം ലഭിച്ച ശക്തമായ മഴയാണ് ഡാമുകളിലെ ജലനിരപ്പ് താഴാതെ നിലനിറുത്തുന്നത്. പ്രധാന ഡാമുകളിലെല്ലാം കഴിഞ്ഞ വർഷത്തെക്കാളും വെള്ളം കൂടുതലുണ്ട്. മലമ്പുഴയിൽ 103.16 മീറ്ററാണ് ഇന്നലെ ജലനിരപ്പ്. കഴിഞ്ഞ വർഷം 101.64. പരമാവധി സംഭരണ ശേഷി 115.06.
പാലക്കാട് നഗരത്തിലും സമീപ പഞ്ചായത്തുകളും മലമ്പുഴ ഡാമിനെയാണ് കൃഷിക്കും കുടിവെള്ളത്തിനും പ്രധാനമായും ആശ്രയിക്കുന്നത്. ഇത്തവണ കനത്ത വേനലായിട്ടും കാര്യമായ കുടിവെള്ള പ്രശ്നം നേരിടേണ്ടി വന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു. ബംഗാൾ ഉൾക്കടലിലെ ഉംപുൻ ചുഴലിക്കാറ്റ് മൂലമുള്ള ന്യൂനമർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

108.204 മീറ്റർ ശേഷിയുള്ള പോത്തുണ്ടി ഡാമിൽ ഇന്നലെ ജലനിരപ്പ് 94.05. 2019ൽ 92.60. മീങ്കര, ചുള്ളിയാർ, വാളയാർ ഡാമുകളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജലനിരപ്പ് കൂടുതലാണ്. 156.36 മീറ്റർ പരമാവധി ജലനിരപ്പുള്ള മീങ്കരയിൽ കഴിഞ്ഞ വർഷം ഇതേ ദിവസം 152.13 മീറ്റർ വെള്ളമുണ്ടായിരുന്നു. ഇത്തവണ 153.68. ചുള്ളിയാറിൽ ഇന്നലെ 142.88. കഴിഞ്ഞ വർഷം 141.05. ശേഷി 154.08. 203 മീറ്റർ ശേഷിയുള്ള വാളയാറിൽ ഇന്നലെ 196.26 രേഖപ്പെടുത്തി.