പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ മുതൽ സെപ്തംബർ വരെ ജില്ലയിൽ പത്തു ലക്ഷം തൈകൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന നടപടി പുരോഗമിക്കുന്നു. തരിശു ഭൂമിയിൽ കൃഷിയിറക്കുന്ന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് 5306 ഹെക്ടർ തരിശുഭൂമി കണ്ടെത്തി നിലമൊരുക്കൽ ആരംഭിച്ചു.
തരിശു ഭൂമിയിൽ സ്വമേധയാ കൃഷി ചെയ്യാനും സഹായം ലഭിക്കും. കൃഷിയിറക്കാൻ താല്പര്യമില്ലാത്തവരുടെ ഭൂമി ഉടമയുടെ അനുമതിയോടെ വരുമാന വിഹിതം നൽകി ഏറ്റെടുക്കാം. ഇത്തരം ഭൂമിയിൽ ജൈവ കൃഷിക്കാണ് കൂടുതൽ പ്രാമുഖ്യം നൽകുക. വാർഡുതലം മുതൽ ജനകീയ കൃഷിയും ഇതോടൊപ്പം നടക്കും. കൂടാതെ വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്കും അതത് കൃഷി ഓഫീസുകളുമായി ബന്ധപ്പെടാം. കിഴങ്ങുവർഗം കൂടുതലായി കൃഷി ചെയ്യുക, നെല്ലും ധാന്യവർഗങ്ങളും ഉല്പാദിപ്പിക്കുക, സംയോജിത കൃഷിയും ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.