covid
സോഷ്യൽ ഡിസ്റ്റൻസിംഗ്

പാലക്കാട്: ലോക്ക് ഡൗൺ ഇളവിൽ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളും കടകളും തുറന്നു പ്രവർത്തിക്കുന്നതിന് സർക്കാർ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് മാനേജ്‌മെന്റ് പ്ലാൻ നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടർ പുതുക്കിയ നിർദേശങ്ങൾ നൽകി.

  1. സോഷ്യൽ മാനേജ്‌മെന്റ് പ്ലാൻ പ്രകാരം ഇൻസിഡന്റൽ കമാൻഡർമാരായി നിയമിച്ചിട്ടുള്ള ഒറ്റപ്പാലം സബ് കലക്ടർ, പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവർക്ക് പകരം പാലക്കാട് അസിസ്റ്റന്റ് കലക്ടറെ നിയമിച്ചു.
  2. നഗരസഭാതല ഓഫീസർമാർ ജില്ലാ ഫയർ ഓഫീസർക്കും പഞ്ചായത്തുതല ഓഫീസർമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പ്രതിവാര റിപ്പോർട്ട് നൽകണം
  3. പഞ്ചായത്ത് തലത്തിൽ രണ്ടോ മൂന്നോ ജീവനക്കാരെ ഉൾപ്പെടുത്തി സ്‌ക്വാഡ് പ്രവർത്തിക്കണം. രണ്ട് സ്‌ക്വാഡുകൾ നഗരസഭാ തലത്തിലും രൂപീകരിക്കണം.
  4. ആഴ്ചയിൽ രണ്ടുദിവസം രാവിലെ എട്ടുമുതൽ പത്തുവരെയും വൈകിട്ട് അഞ്ചുമുതൽ ഏഴുവരെയും കടകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടത്തണം. ഒരു ദിവസം ക്രമപ്രകാരമല്ലാത്ത പരിശോധനയും നടത്തണം.
  5. ആരോഗ്യ സേതു ആപ്ലിക്കേഷൻ എല്ലാ ജീവനക്കാരും മൊബൈലിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
  6. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് നാലിനകം പ്രതിവാര റിപ്പോർട്ട് ഇൻസിഡന്റൽ കമാൻഡർക്ക് നൽകണം.
  7. ആരോഗ്യ വകുപ്പ് നിബന്ധന പാലിച്ചാണ് ആളുകൾ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം.
  8. പൊതുഗതാഗതം സംബന്ധിച്ച നിബന്ധന ആർ.ടി.ഒ ഉറപ്പുവരുത്തണം.
  9. ബാർ, ബീവറേജ്, കളളുഷാപ്പ് എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് എക്‌സൈസ്, പൊലീസ് വകുപ്പുകൾ സംയുക്തമായി പരിശോധിച്ച് ഉറപ്പുവരുത്തണം.
  10. നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള കടകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം മാനദണ്ഡ പ്രകാരമാണോ പ്രവർത്തിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം.
  11. പൊതുയിടങ്ങളിൽ ഒത്തുചേരുന്നതും മാസ്ക് ഉപയോഗിക്കാതെ വരുന്നവരെയും തടയാൻ പൊലീസ് നടപടി സ്വീകരിക്കണം.
  12. മാർക്കറ്റുകൾ,​ ചന്തകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതെ വരുക, ജനങ്ങൾ തിങ്ങിക്കൂടുക എന്നീ സാഹചര്യമുണ്ടാകുകയാണെങ്കിൽ പൊലീസും നഗരസഭ/ പഞ്ചായത്ത് സെക്രട്ടറിയും പരിശോധിച്ച ശേഷം ഇൻസിഡന്റൽ കമാൻഡർക്ക് റിപ്പോർട്ട് നൽകണം.
  13. സർക്കാർ സ്ഥാപനങ്ങളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് സോഷ്യൽ ഡിസ്റ്റൻസിംഗ് മാനേജർ പരിശോധിക്കുകയും ഇത് ലംഘിക്കുന്നവർക്കെതിരെ സ്ഥാപന മേധാവി നടപടി സ്വീകരിക്കുകയും വേണം.