പാലക്കാട്: ജില്ലയിൽ ഒന്നാംവിളയുടെ ഭാഗമായി പൊടിവിത സജീവമായെങ്കിലും ഞാറ്റടി തയ്യാറാക്കുന്ന പ്രദേശങ്ങളിലേക്ക് വേണ്ടി മലമ്പുഴ ഇടത് കനാൽ തുറന്നു. സെക്കൻഡിൽ 400 ക്യു സെക്സ് എന്ന തോതിലാണ് വെള്ളം വിടുന്നത്. മാത്തൂർ, കോട്ടായി, കുത്തനൂർ, കൊടുന്തിരപ്പുള്ളി, പിരായിരി, കണ്ണാടി, കൊടുവായൂർ, ചൂലന്നൂർ, പെരിങ്ങോട്ടുകുറുശി തുടങ്ങിയ പ്രദേശങ്ങളിൽ കനാൽ വെള്ളം ലഭ്യമാകും.
25 വരെ അഞ്ച് ദിവസത്തേക്കാണ് ഡാം തുറന്നത്. ഇതിനിടയിൽ മഴ ലഭിച്ചാൽ ജല വിതരണം നിറുത്തും. ഞാറ്റടി തയ്യാറാക്കുന്നത് സജീവമാകുമ്പോഴേക്കും കാലവർഷം തുടങ്ങുമെന്നാണ് കർഷക പ്രതീക്ഷ.
മഴ കിട്ടുമോയെന്ന ആശങ്കയും തൊഴിലാളി ക്ഷാമവും കാരണം നേരത്തെ പൊടിവിത ആരംഭിച്ചെങ്കിലും കളശല്യം പെരുകുമോയെന്ന ആശങ്കയിലാണ് മിക്ക കർഷകരും. പൊടിവിത നടത്തിയവർ തൊട്ടടുത്ത ദിവസം തന്നെ കളനാശിനി പ്രയോഗിച്ചു. മഴ കുറഞ്ഞാൽ കള പെരുകാൻ സാദ്ധ്യതയേറെയാണ്.
കള പറിക്കാൻ അധികം തൊഴിലാളികളെ നിയോഗിക്കണം. കൂടാതെ സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയാണ്. ഇക്കുറി കൂടുതൽ മഴ ലഭിക്കുമെന്ന മുന്നറിയിപ്പാണ് കർഷകർക്ക് പ്രതീക്ഷയേകുന്നത്.
ഇത്തവണ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്ത് ദശലക്ഷം ഘനമീറ്റർ അധികം ജലം ഡാമിലുണ്ട്. 103.14 മീറ്റർ ആണ് ഇന്നലെ ജലനിരപ്പ്.
-എ.ഇ, മലമ്പുഴ ഡാം.