mohanlal
മോഹൻലാലിനോടൊപ്പം വേലപ്പൻ (ഫയൽ ഫോട്ടോ)​

ഒറ്റപ്പാലം: ദേവാസുരത്തിലെ മംഗലശേരി തറവാടായി വരിക്കാശേരി മന മാറിയതിന് പിന്നിൽ വേലപ്പനെന്ന വാണിയംകുളം ടൗണിലെ പഴയ ചായക്കടക്കാരന് സുപ്രധാന പങ്കുണ്ട്. ഇന്ന് സിനിമാ ലോകമറിയുന്ന ലൊക്കേഷൻ മാനേജരാണ് വേലപ്പൻ. 250ൽ പരം സിനിമകൾക്ക് വളളുവനാടൻ മണ്ണിൽ ലൊക്കേഷൻ ഒരുക്കിയ പ്രശസ്തി കൈമുതലായ വേലപ്പന് മോഹൻലാലും മമ്മൂട്ടിയുമടക്കം സൂപ്പർ താരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു.
കാൽ നൂറ്റാണ്ട് മുൻപാണ് വേലപ്പൻ മോഹൻലാലുമായി സൗഹൃദത്തിലാകുന്നത്. ദേവാസുരത്തിന്റെ ലൊക്കേഷൻ തേടിയെത്തിയ ഐ.വി.ശശിക്ക് മുന്നിൽ വേലപ്പനെ വഴികാട്ടിയായി വിധി ഒരുക്കി നിറുത്തി. 'മംഗലശേരി തറവാടായി ഒരു വലിയ വീട് വേണം. മനയാണെങ്കിൽ കൊള്ളാം. മോഹൻലാൽ ആണ് നായകൻ" ശശി വേലപ്പനോട് പറഞ്ഞു. ആ നിമിഷം വേലപ്പന്റെ മനസിൽ തെളിഞ്ഞത് വരിക്കാശേരി മനയായിരുന്നു.

മന കണ്ട ശശി ആദ്യനോട്ടത്തിൽ തന്നെ വേലപ്പന് കൈ കൊടുത്തു. ദേവാസുരവും മംഗലശേരി തറവാടും വരിക്കാശേരി മനയുമൊക്കെ സൂപ്പർ ഹിറ്റായപ്പോൾ മോഹൻലാൽ വേലപ്പനെ ചേർത്തുപിടിച്ചു. തുടർന്ന് ആറാം തമ്പുരാനും നരസിംഹത്തിനുമടക്കം മികച്ച ലൊക്കേഷൻ ഒരുക്കി വേലപ്പൻ ലാൽ സിനിമകളിലെ നിറസാന്നിദ്ധ്യമായി. വേലപ്പൻ കാട്ടികൊടുത്ത വള്ളുവനാടൻ ഗ്രാമങ്ങളും നിളാതീരങ്ങളും ലാലിന്റെ പ്രിയപ്പെട്ട ഇടങ്ങളായി മാറി.
അധികമാരുമറിയാത്ത ഒരു കഥ കൂടി വേലപ്പൻ 'കേരളകൗമുദി"യോട് പങ്ക് വെച്ചു. ഇല്ലായ്മയുടെ കാലത്ത് ഒരിക്കൽ തോളിൽ തട്ടി ലാൽ പറഞ്ഞു. 'മക്കളെ നമുക്ക് നന്നായി പഠിപ്പിക്കാം, വേലപ്പാ..." ആ വാക്ക് അദ്ദേഹം പാലിച്ചു. മകനും കളും ഉന്നത വിദ്യാഭ്യാസം നേടി അമേരിക്കയിൽ ജോലി കണ്ടെത്തി. 'മകന്റെ കല്യാണത്തിന് പുലിമുരുകന്റെ വിജയാരവങ്ങൾക്കിടയിലാണ് ലാൽ ഒറ്റപ്പാലത്തെത്തിയത്.

ലാലിന് അറുപതാം പിറന്നാളിന്റെ ആശംസയും പ്രാർത്ഥനയും നേർന്ന് വേലപ്പൻ കാത്തിരിക്കുകയാണ്,​ ദേവാസുരം പോലൊരു പടം ഒറ്റപ്പാലത്തിന്റെ മണ്ണിൽ ഒരിക്കൽ കൂടി പിറവിയെടുക്കണമെന്ന മോഹവുമായി.