ksrtc
കെ.എസ്.ആർ.ടി.സി

പാലക്കാട്: ലോക്ക്ഡൗണിനെ തുടർന്ന് 56 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ മുതൽ ജില്ലയ്ക്കകത്ത് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് തുടങ്ങി. നാലു ഡിപ്പോകളിൽ നിന്നായി 75 ബസുകളാണ് സർവീസ് നടത്തി. പാലക്കാട് നിന്ന് 25, ചിറ്റൂർ- 20, മണ്ണാർക്കാട്- 17, വടക്കഞ്ചേരി -13.
തിരക്ക് കുറവായിരുന്നു. രണ്ടുപേരുടെ സീറ്റിൽ ഒരാൾക്കും മൂന്നുപേരുടേതിൽ രണ്ടാൾക്കുമാണ് ഇരിക്കാൻ അനുവാദം. പാലക്കാട് നിന്ന് വടക്കഞ്ചേരി, പട്ടാമ്പി, മണ്ണാർക്കാട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ യാത്രക്കാരുണ്ടായിരുന്നത്.

പാലക്കാട് നിന്ന് ഷൊർണൂർ, പട്ടാമ്പി, വടക്കഞ്ചേരി എന്നിവിടങ്ങളിലേക്ക് 20 മിനിറ്റ് ഇടവിട്ടും മണ്ണാർക്കാട്ടേക്ക് 25 മിനിറ്റ് വ്യത്യാസത്തിലും ബസുകളുണ്ട്. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, നെന്മാറ, ചെർപ്പുളശേരി, കൊല്ലങ്കോട്, എലവഞ്ചേരി എന്നിവിടങ്ങളിലേക്കെല്ലാം സർവീസുകളുണ്ട്. മണ്ണാർക്കാട്ട് നിന്ന് അട്ടപ്പാടിയിലേക്കും പാലക്കാട്ടേക്കും ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ശുചീകരണത്തിന് ഏഴുപേർ

ദിവസവും ബസുകൾ ശുചീകരിച്ച ശേഷമാണ് യാത്ര പുറപ്പെടുന്നത്. ഇതിന് ഏഴ് ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു. എല്ലാ ഡിപ്പോകളിലും സീനിയോറിറ്റി അടിസ്ഥാനത്തിൽ ഓരോ ബാച്ച് വീതമാണ് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. എല്ലാ സ്റ്റോപ്പുകളിലും ബസുകൾ നിറുത്തും. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരുണ്ടായാൽ സർവീസുകൾ വർദ്ധിപ്പിക്കും. രാവിലെ 6.30 മുതൽ വൈകിട്ട് ഏഴു വരെയാണ് നിലവിലെ സമയക്രമം. രാത്രി ഏഴിന് ശേഷം സർവീസില്ല. ബസിൽ കയറുന്ന യാത്രക്കാർക്കെല്ലാം സാനിറ്റൈസർ ഉറപ്പാക്കുന്നുണ്ട്.