ചിറ്റൂർ: നല്ലേപ്പിള്ളി ലൈബ്രറി ജംഗ്ഷനിലെ ബേബി ട്രേഡേഴ്സ് എന്ന ഹാർഡ് വെയർ ഷോപ്പ് ബുധനാഴ്ച പുലർച്ചെ 3.15ന് പൂർണമായി കത്തി നശിച്ചു. ഹാർഡ് വെയർ, പെയിന്റ്, പ്ലംബിംഗ് മെറ്റീരിയൽ, ഇലക്ട്രിക്കൽ സാധനങ്ങൾ, രണ്ട് കമ്പ്യൂട്ടർ, ഫർണിച്ചറുകൾ എന്നിവ പൂർണമായി അഗ്നിക്കിരയായി.
കട നിൽക്കുന്ന കെട്ടിടത്തിനും നാശം സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സ്ഥാപന ഉടമ ഒലവക്കോട് മന്നത്തുപൊറ്റ പ്രബലാക്ഷൻ പറഞ്ഞു. സമീപത്തുെ സരോജിനിയുടെ വീടും ജയപ്രകാശിന്റെ പണമിടപാട് സ്ഥാപനവും ഭാഗികമായി കത്തിനശിച്ചു. ഇവർക്ക് യഥാക്രമം ഒന്നര ലക്ഷം, ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ചിറ്റൂരിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതെ തടയാനായി.