പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1435 അന്യസംസ്ഥാന തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിൻ ഉത്തർപ്രദേശിലെ ലക്നൗവിലേയ്ക്ക് ഇന്നലെ വൈകിട്ട് ആറിന് യാത്ര തിരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള തൊഴിലാളികളെ ആറ് താലൂക്ക് കേന്ദ്രങ്ങളിലായി തഹസിൽദാർമാരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷനും മെഡിക്കൽ പരിശോധനയും നടത്തിയാണ് വിട്ടയച്ചത്.
ശരീര താപനില അളക്കുകയും മറ്റ് അസുഖങ്ങൾ, രോഗ ലക്ഷണങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്.
താലൂക്കടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിലാണ് ഇവരെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. നാട്ടിലെത്തുന്നത് വരെയുള്ള ഭക്ഷണ കിറ്റും നൽകി.
ഒറ്റപ്പാലം സബ് കലക്ടറും തൊഴിലാളികളുടെ യാത്ര ഏകോപന നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യൻ, അസിസ്റ്റന്റ് കലക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി ശിവവിക്രം എന്നിവരുടെ നേതൃത്വത്തിൽ തൊഴിൽ, റവന്യു, പൊലീസ്, റെയിൽവേ വകുപ്പുകളുടെ സഹകരണത്തോടെയാണ് യാത്ര ഏകോപിപ്പിച്ചത്.