waste
ശൂചീകരണം

പാലക്കാട്: കാലവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ജില്ലയിലെ മഴക്കാല പൂർവ്വ ശുചീകരണം അവതാളത്തിൽ. കാലവർഷം ആരംഭിക്കുന്നതിന‌് മുമ്പുതന്നെ ശുചീകരണം പൂർത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും ഇപ്പോഴും മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ‍്. ഇത് പകർച്ചവ്യാധികൾ പടരാൻ കാരണമാകും.

ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുമ്പോഴും നഗരത്തിൽ കൽമണ്ഡപം, മേലാമുറി, പട്ടിക്കര ബൈപാസ് റോഡ്, സുൽത്താൻപേട്ട പള്ളി റോഡ് എന്നിവിടങ്ങളിലെല്ലാം മാലിന്യ നീക്കം ചെയ്തിട്ടില്ല. ദിനംപ്രതി മാലിന്യത്തിന്റെ തോത് വർദ്ധിക്കുന്ന അവസ്ഥയാണ‍്. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ പാലക്കാട് നഗരത്തിൽ ഉൾപ്പെടെ അത്യാവശ്യം തിരക്കും അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ കാൽനടയാത്രക്കാർക്ക് റോഡരികിലെ മാലിന്യങ്ങൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

നിലവിൽ എല്ലാവരും മാസ്‌ക് ധരിക്കുന്നതിനാൽ അഴുകിയ ഗന്ധം അത്രയ്ക്ക് അറിയുന്നില്ലെന്ന വ്യത്യാസമേയുള്ളൂ. ഉംപുൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതോടെ കുന്നുകൂടിയ മാലിന്യങ്ങൾ കൂടുതൽ അഴുകി രോഗങ്ങൾ വിളിച്ചു വരുത്തുന്ന സ്ഥിതിയാണ‍്. ചിക്കൻഗുനിയ, എച്ച് 1 എൻ 1, എലിപ്പനി, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ മഴക്കാലത്ത് പെട്ടെന്ന് പിടിപെടാൻ സാദ്ധ്യത ഏറെയാണ‍്. ഇത്തരം സാഹചര്യത്തിൽ കുട്ടികളും പ്രായമായവരും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ‍െന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നുണ്ട്.


മഴക്കാലം വരുന്നു; വേണം മുൻകരുതൽ

 പരിസര ശുചീകരണവും വ്യക്തി ശുചിത്വവും പാലിക്കുക.
 കൊതുക് നിർമ്മാർജ്ജനം ചെയ്യുക.
 പഴകിയതും തണുത്തതുമായ ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കുക.
 പുറത്ത് നിന്നുള്ള ഭക്ഷണം, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ബേക്കറി സാധനങ്ങൾ, അമിത ഉപ്പ്, അമിത മസാലകൾ തുടങ്ങിയവ ഒഴിവാക്കുക.
 വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക.
 വെള്ളം തിളപ്പിച്ച് മാത്രം കുടിക്കുക.
 ദിവസവും കുറഞ്ഞത് അരമണിക്കൂർ വ്യായാമം ചെയ്യുക.