പാലക്കാട്: പാലക്കാട് മുതൽ കാസർക്കോട് വരെയുള്ള ജയിലുകളിലേക്ക് പുതിയതായി എത്തുന്ന റിമാൻഡ് തടവുകാരെ രണ്ട് ജയിലുകളിലായി ക്വാറന്റെയിൻ ചെയ്യും. കൊവിഡ് പരിശോധനാഫലം വന്ന ശേഷമേ തടവുകാരെ അതാത് ജില്ലകളിലെ ജയിലുകളിലേക്ക് മാറ്റുകയുള്ളൂ. പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന തടവുകാരെ അതാത് ജയിലുകളിലേക്ക് യഥാക്രമം മാറ്റും. ഇതിന്റെ ഭാഗമായി പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നും റിമാൻഡ് ചെയ്ത തടവുകാരെ മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കും ഇവിടെ നിലവിലുള്ള തടവുകാരെ പാലക്കാട് ജില്ലാ ജയിലിലേക്കും മാറ്റും.
കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരെ കണ്ണൂർ സബ് ജയിലിലേക്കും മാറ്റും. പകരം ഇവിടെയുള്ള തടവുകാരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റും. ഇതുസംബന്ധിച്ച് ഉത്തര മേഖല ജയിൽ ഡി.ഐ.ജി നിർദ്ദേശം നൽകി. സംസ്ഥാനത്തെ ജയിലുകളിൽ പുതിയതായി പ്രവേശിപ്പിക്കുന്ന തടവുകാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശമനുസരിച്ച് കൊവിഡ് പരിശോധനയും, പൊലീസ് സുരക്ഷയിൽ ക്വാറന്റെയിൻ സംവിധാനവും ഒരുക്കാൻ നേരത്തെ ജയിൽ വകുപ്പ് ഉത്തരവിട്ടിരുന്നു.