പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ സർവീസ് പുനരാരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ ആദ്യദിന കളക്ഷൻ 1,66,496 രൂപ മാത്രം. പാലക്കാട് ഡിപ്പോയിൽ 68,969, ചിറ്റൂരിൽ 29,408, വടക്കഞ്ചേരി 31,041, മണ്ണാർക്കാട് 37,078 എന്നിങ്ങനെയാണ‍് ബുധനാഴ്ച ലഭിച്ച വരുമാനം. 75 സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു ബസിൽ 30 യാത്രക്കാരുമായാണ‍് ബസ് സർവീസ് നടത്തുന്നത്.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ഇന്നലെ സർവീസുകളുടെ എണ്ണം 59 ആയി ചുരുക്കി. പാലക്കാട് ഡിപ്പോയിൽ നിന്നും 19, ചിറ്റൂരിൽ 11, വടക്കഞ്ചേരി 13, മണ്ണാർക്കാട് 16 എന്നിങ്ങനെയാണ‍് ഇന്നലെ സർവീസ് നടത്തിയത്. പാലക്കാട് നിന്നും പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം ഭാഗങ്ങളിലേക്ക് പത്ത് ബസുകൾ ഓടി. പാലക്കാട് മണ്ണാർക്കാട് -നാല‍്, പാലക്കാട് വടക്കഞ്ചേരി - നാല‍്, പാലക്കാട് തോലനൂർ -ഒന്ന് എന്നിങ്ങനെയും സർവീസുകൾ ക്രമീകരിച്ചു.
ചിറ്റൂർ ഡിപ്പോയിൽ കൊഴിഞ്ഞാമ്പാറ വഴി ചിറ്റൂരിലേക്കും വണ്ടിത്താവളത്ത് നിന്ന് പാലക്കാട്ടേക്കും രണ്ടുവീതം ബസുകൾ സർവീസ് നടത്തി. കൊല്ലങ്കോട് ഡിപ്പോയിൽ നിന്ന് കൊല്ലങ്കോട്, പല്ലശ്ശന വഴി പാലക്കാട്ടേക്കും കൊല്ലങ്കോട് കൊടുവായൂർ വഴി വടക്കഞ്ചേരിയിലേക്കും ബസുകൾ സർവീസ് നടത്തി. വടക്കഞ്ചേരി, മണ്ണാർക്കാട് ഡിപ്പോകളിൽ നിന്ന് പാലക്കാട്ടേക്കും തിരിച്ചും സർവീസുകൾ ഉണ്ടായിരുന്നു. ട്രിപ്പുകൾ കുറതോടെ പലയിടത്തും യാത്രക്കാർക്ക് ഒരു മണിക്കൂർ വരെ ബസ് കാത്തുനിൽക്കേണ്ടി വന്നു. ഓഫീസ് ജീവനക്കാരുടെ സമയക്രമം അനുസരിച്ച് രാവിലെയും വൈകിട്ടും മാത്രമാണ‍് കുറച്ചെങ്കിലും തിരക്ക് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ യാത്രക്കാർ വർദ്ധിച്ചാൽ മാത്രമേ സർവീസുകൾ കൂട്ടുകയുള്ളൂവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
സ്വകാര്യബസുകൾ തീരെ കുറവ്
ജില്ലയിൽ ഇന്നലെ നിരത്തിലിറങ്ങിയത് ഇരുപതിൽ താഴെ സ്വകാര്യ ബസുകൾ മാത്രം. പട്ടാമ്പിയിൽ മൂന്ന്, മണ്ണാർക്കാട് ഒന്ന്, ഒറ്റപ്പാലം നഗരത്തിൽ മാത്രം നാല‍്, വാളയാർ ഒന്ന്, ചെർപ്പുളശ്ശേരി ഒന്ന്, മലമ്പുഴ രണ്ട്, റെയിൽവേ കോളനി ഒന്ന്, വടക്കഞ്ചേരി ഒന്ന്, കൊഴിഞ്ഞാമ്പാറ ഒന്ന് എന്നിങ്ങനെയാണ് ബസുകൾ ഓടിയത്. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയ റൂട്ടുകളിലൊന്നും ഇവ ഓടിയില്ല. ബസുകളിലെല്ലാം യാത്രക്കാർ വളരെ കുറവായിരുന്നു. ഈ സ്ഥിതിയാണെങ്കിൽ ഇന്ന് മുതൽ പുതിയ ബസുകളോ ഇന്നലെ സർവീസ് നടത്തിയവയോ പോലും ഓടാൻ സാധ്യതയില്ലെന്നാണ‍് ബസുടമകൾ പറയുന്നത്. അറ്റകുറ്റപ്പണികൾ കഴിഞ്ഞ ബസുകളാണ‍് ഇന്നലെ ഓടിയത്. ജില്ലയിലാകെ 1,200 സ്വകാര്യ ബസുകളാണുള്ളത്. അസോസിയേഷനു കീഴിലെ എല്ലാ ബസുടമകളും ഓടിക്കണമെന്ന് നിർദ്ദേശം നൽകിയതായി ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ പറഞ്ഞു.