പാലക്കാട്: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി ശേഖരിച്ച 16,3875 ടൺ അജൈവമാലിന്യങ്ങൾ ക്ലീൻ കേരളാ കമ്പനിക്ക് നൽകി ഉടൻ നീക്കം ചെയ്യുമെന്ന് ജില്ലാ ശുചിത്വ മിഷൻ അധികൃതർ അറിയിച്ചു. ജില്ലയിലെ 52 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണ് ഇത്രയും ടൺ മാലിന്യങ്ങൾ ശേഖരിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ 20 പഞ്ചായത്തുകളുടെ മാലിന്യമാണ് നീക്കം ചെയ്യുക. തുടർന്ന് ഘട്ടംഘട്ടമായി എല്ലാ പഞ്ചായത്തുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിൽ വിവിധ കോർഡിനേറ്റർമാരെയും നിയമിച്ചു.
ജില്ലയിൽ മാലിന്യം ശേഖരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയിൽ വെള്ളിനേഴി പഞ്ചായത്താണ് ഒന്നാമതായുള്ളത്. 30,000 കിലോ മാലിന്യമാണ് ഇവിടെ നിന്ന് ശേഖരിച്ചത്. ഏറ്റവും കുറവ് മാലിന്യം ശേഖരിച്ചത് കുഴൽമന്ദം പഞ്ചായത്തിൽ നിന്നാണ്. 25 കിലോ മാത്രമാണ് ഇവിടെ നിന്ന് ശേഖരിച്ചത്. ഒറ്റപ്പാലം, അലനല്ലൂർ, ചെർപ്പുളശ്ശേരി, ഷൊർണൂർ എന്നീ നഗരസഭകളിൽ 10,000 കിലോയ്ക്ക് മുകളിലാണ് മാലിന്യം ശേഖരിച്ചത്. നിലവിൽ ശേഖരിക്കുന്ന മാലിന്യങ്ങളിൽ പുനരുപയോഗിക്കാൻ കഴിയുന്നവ ഗോഡൗണുകളിലേക്ക് മാറ്റി തരം തിരിക്കും. അല്ലാത്തവ പൊടിച്ച് ടാറിംഗ് അസംസ്‌കൃത വസ്തുവാക്കിയും മാറ്റുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
അജൈവമാലിന്യങ്ങൾ
പേപ്പർ, പ്ലാസ്റ്റിക്, ഖര ലോഹ മാലിന്യങ്ങൾ, ഇലക്ടോണിക് ഉപകരണങ്ങളുടെ വേസ്റ്റ്, റബ്ബർ, ഗ്ലാസ്സ് തുടങ്ങിയ അജൈവമാലിന്യങ്ങൾ മണ്ണിൽ വർഷങ്ങളോളം കിടക്കുന്നാലും അലിഞ്ഞ് ചേരാത്തവയാണ്. ഇത് മനുഷ്യനും പ്രകൃതിക്കു ദോഷം സൃഷ്ടിക്കും.
ജില്ലയിൽ ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരളാ കമ്പനി അധികൃതർ കഴിഞ്ഞ ദിവസം വന്ന് പരിശോധന നടത്തി. ഉടൻ നീക്കം ചെയ്യുമെന്നാണ് അറിയിച്ചത്.ബെനില ബ്യൂണോ, ശുചിത്വ മിഷൻ, ജില്ലാ കോഡിനേറ്റർ, പാലക്കാട്.
വെള്ളിനേഴി പഞ്ചായത്ത് പരിധിയിലുള്ള 13 വാർഡുകളിൽ നിന്നാണ് 30,000 കിലോ മാലിന്യം ശേഖരിച്ചത്. രണ്ട് ദിവസത്തിനകം നീക്കം ചെയ്യുമെന്നാണ് പഞ്ചായത്തിൽ നിന്ന് ലഭിച്ച വിവരം.
ഇന്ദിര, ഹരിതകർമ്മസേന, കോർഡിനേറ്റർ, വെള്ളിനേഴി പഞ്ചായത്ത്.