അലനല്ലൂർ: ലോക്ക്‌ഡൗണിൽ പ്രതിസന്ധിയിലായ ചെറുകിട ട്യൂഷൻ സെന്ററുകൾക്ക് വൈകാതെ പ്രവർത്തനമാനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ. പ്രൈമറിതലം മുതൽ ബിരുദം വരെ ട്യൂഷനെടുക്കുന്ന ചെറിയ കേന്ദ്രങ്ങളാണ് ബുദ്ധിമുട്ടിലായത്. ട്യൂഷനെ മാത്രം ആശ്രയിക്കുന്ന അദ്ധ്യാപകരും പ്രയാസത്തിലാണ്. ജൂൺ മുതലെങ്കിലും പ്രവർത്തിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. സാധാരണ അവധിക്കാലത്താണ് പത്ത്, പ്ലസ് ടു ക്ലാസുകൾക്ക് മുഴുവൻ സമയ ക്ലാസുകളെടുക്കാറുള്ളത്. മുടങ്ങിയ ക്ലാസുകളെല്ലാം എടുത്ത് തീർക്കേണ്ടതുണ്ട്.
മിക്ക സ്ഥാപനങ്ങളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സാമൂഹിക അകലം ഉൾപ്പടെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തനം തുടങ്ങാമെന്ന് കാണിച്ച് ട്യൂഷൻ കേന്ദ്രങ്ങൾക്ക് വേണ്ടി അലനല്ലൂരിലെ ഡീൽ അക്കാദമിയിലെ സി.വിഷ്ണുദാസ് മുഖ്യമന്ത്രിക്ക് നിവേധനം നൽകിയിട്ടുണ്ട്. പത്ത് കുട്ടികളെ വച്ച് പ്രാദേശിക ഹോം ട്യൂഷനുകൾ, വാഹന സൗകര്യം, പ്രത്യേക ഇരിപ്പിട ക്രമീകരണം തുടങ്ങിയ നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്.