anakkara
ആനക്കര പെരുമ്പലം മേലഴിയം പാടശേഖരത്തിൽ ആരംഭിച്ച പുഞ്ചകൃഷി വിളവെടുപ്പ്

ആനക്കര: ആനക്കര പെരുമ്പലം മേലഴിയം പാടശേഖരത്തിൽ പുഞ്ചകൃഷി വിളവെടുപ്പ് തുടങ്ങി. 28 വർഷങ്ങൾക്കുശേഷമാണ് ആനക്കര കൃഷിഭവന്റെ നേതൃത്വത്തിൽ പുഞ്ചകൃഷി ചെയ്ത് വിജയകരമായി വിളവെടുപ്പ് നടത്തിയത്. 85 ദിവസം കൊണ്ട് കൊയ്ത് എടുക്കാവുന്ന ഹൃസ്വ എന്ന ഇനം നെൽവിത്ത് മണ്ണുത്തി അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷനിൽ നിന്നു വാങ്ങി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്താണ് പരീക്ഷണാടിസ്ഥാനത്തിൽ 25 ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയത്. വിളവെടുത്ത മുഴുവൻ നെല്ലും സപ്ലൈകോ സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു തുടങ്ങി.

ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേരത്തെ മലമക്കാവ് പാടശേഖരത്തിലും 25 ഏക്കർ സ്ഥലത്ത് വിജയകരമായി പുഞ്ചകൃഷി ചെയ്തു വിളവെടുപ്പ് നടത്തിയിരുന്നു. വിളവെടുപ്പ് വേളയിൽ ആനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ, തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രതീപ്, വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയൻ, വാർഡ് മെമ്പർമാരായ സൈതലവി, ദിവ്യ, ചന്ദ്രൻ, കൃഷി ഓഫീസർ സുരേന്ദ്രൻ എം പി, പാടശേഖസമിതി അംഗങ്ങളായ രവീന്ദ്രനാഥൻ, ബഷീർ എന്നിവർ പങ്കെടുത്തു.