ചിറ്റൂർ: മൂലത്തറ റെഗുലേറ്റർ നവീകരണം ജൂൺ അവസാനത്തോടെ പൂർത്തിയാവും. ലോക് ഡൗൺ ഇളവുകൾക്ക് പിന്നാലെ പുനനാരംഭിച്ച നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. ലോക്ഡൗണിൽ ഒരുമാസത്തോളം പ്രവൃത്തികൾ മുടങ്ങിയിരുന്നു. പുനർനിർമ്മാണ പ്രവർത്തികൾക്കായി റെഗുലേറ്ററിനകത്തും പുഴയിലും ബണ്ട് സ്ഥാപിക്കുന്നതിനായി ഇട്ട മണ്ണ് നീക്കം ചെയ്യുന്ന പണികൾ പുരോഗമിക്കുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം ജലസേചനം തടസപ്പെടാതെയുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്. നടപ്പാത, പെയിന്റിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രിൽ അവസാനത്തോടെ തുറന്നുകൊടുക്കുന്ന രീതിയിലായിരുന്നു പുനർനിർമ്മാണം ആരംഭിച്ചത്. ഇതനുസരിച്ച് മാർച്ച് ആദ്യവാരത്തിൽ തന്നെ ഷട്ടറുകൾ സ്ഥാപിക്കുന്ന പ്രധാന ജോലികൾ പൂർത്തീകരിച്ചിരുന്നു.
2009 നവംബർ എട്ടിനാണ് ആളിയാറിൽ നിന്നുള്ള അമിത ജലപ്രവാഹത്തെ തുടർന്ന് മൂലത്തറ റെഗുലേറ്ററിന്റെ വലതുകര കനാൽ ബണ്ടും അപ്രോച്ച് റോഡും തകർന്നത്. തുടർന്ന് പുനർനിർമ്മാണത്തിനായി 2010ൽ ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കുന്നതിൽ വന്ന കാലതാമസമാണ് പുനർനിർമ്മാണം പത്തുവർഷത്തോളം വൈകിപ്പിച്ചത്. 2017ൽ അംഗീകാരം ലഭിച്ച പദ്ധതിയിൽ 2019 ഏപ്രിൽ വരെയാണ് കരാർ സമയം. ഇതിനുള്ളിൽ തന്നെ പ്രവർത്തികൾ പൂർത്തീകരിക്കുന്ന രീതിയിലായിരുന്നു തുടക്കത്തിൽ നിർമ്മാണം നടത്തിത്. എന്നാൽ കനത്ത മഴയും ആളിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ ഇടയ്ക്ക് അധിക ജലം ഒഴുകിയെത്തിയതും മൂലം മൂന്ന് തവണയോളം റിംഗ് ബണ്ട് തകർന്നു. ഇതും നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും കാലതാമസത്തിനിടയാക്കുകയും ചെയ്തു.
ഇടതു, വലതു കര കനാൽ വഴിയും ചിറ്റൂർ പുഴയിലേക്കും ജലം ഉറപ്പുവരുത്തിയാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ലോകബാങ്കിന്റെ സഹായത്തോടെയുള്ള പദ്ധതിക്ക് 52 കോടി രൂപയാണ് അടങ്കൽ തുക. നിലവിലെ റെഗുലേറ്ററിന്റെ ഇരുകരകളിലുമായി 10 മീറ്റർ വീതിയുള്ള ആറ് ഷട്ടറുകൾ പുതുതായി നിർമ്മിച്ചു. ഇടതുകര ഭാഗത്ത് നാലും വലതുകര കനാൽഭാഗത്ത് രണ്ടും ഷട്ടറുകളാണ് പുതുതായി നിർമ്മിക്കുന്നത്. ഇതിനോടനുബന്ധിച്ച് റെഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകളും മാറ്റി ആധുനിക രീതിയിലുള്ള ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ 13 ഷട്ടറുകളുള്ള റെഗുലേറ്ററിൽ ഷട്ടറുകളുടെ എണ്ണം 19 ആയി വർദ്ധിക്കും .124.2 മീറ്റർ നീളമുള്ള റെഗുലേറ്റർ 208. 48 മീറ്ററായി മാറും. ജലവിഭവ വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ഡിസൈൻ ആൻഡ് റിസേർച്ച് ബോർഡാണ്(ഐഡി ആർബി) റെഗുലേറ്ററിന്റെ പുനർനിർമ്മാണ രൂപരേഖ തയാറാക്കിയത്.