അഗളി: അഗളി പഞ്ചായത്തിലെ പട്ടിമാളം ഉഞ്ചമരമേടിൽ പുലിയുടെ ആക്രമണം പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് പുലി. ഇന്നലെ രാത്രി കൂട്ടിൽ കെട്ടിയിട്ട ആടിനെ പുലി ആക്രമിച്ചു. ബഹളം കേട്ട് ചെന്ന വീട്ടുകാരെ കണ്ടപ്പോൾ പുലി കാട്ടിലേക്ക് ഓടിമറിയുകയായിരുന്നു. ഇതിനു മുമ്പ് തേക്കുംകാട്ടിൽ ജോസിന്റെ വീട്ടിലെ രണ്ട് നായ്ക്കളെ പുലി കൊണ്ടുപോയിരുന്നു. രാത്രി യാത്രക്കാരിൽ പലരും പുലിയെ കണ്ടിട്ടുണ്ട്. ഒന്നിലധികം പുലികൾ ഉണ്ടാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു. നേരത്തെ നിരവധി മാൻക്കൂട്ടങ്ങൾ ഈ പ്രദേശത്തുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവയിൽ വലിയ കുറവുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരിസരത്തെ നായ്ക്കളെ സ്ഥിരമായി കാണാതാകുന്നുണ്ട്. ഇതിനൊരു പരിഹാരം വനംവകുപ്പ് കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയുടെ ആക്രമണം തുടരുന്നത് ജനങ്ങളുടെ സ്വസ്ഥ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. വനംവകുപ്പ് നടപടിയെടുക്കാത്ത പക്ഷം സമരവുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം.