മണ്ണാർക്കാട്: കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്ന ജനതയ്ക്ക് മറ്റൊരു മുൻകരുതൽ നിർദ്ദേശവുമായി കെ.എസ്.ഇ.ബി. ലോക്ക് ഡൗൺ കാലത്ത് അന്തരീക്ഷത്തിലുണ്ടായ വ്യതിയാനങ്ങളാണ് ഇത്തരത്തിൽ ജാഗ്രത നിർദ്ദേശം നൽകാൻ സാഹചര്യം ഉണ്ടാക്കിയത്. വരാൻ പോകുന്ന മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഇടിമിന്നൽ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകട സാധ്യത ഉണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി മണ്ണാർക്കാട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജീനിയർ ഡോ. പി.രാജൻ പറയുന്നു. കൊവിഡിനെ പ്രതിരോധിക്കാനായി രണ്ടു മാസക്കാലമായി രാജ്യത്ത് ഉണ്ടായ ലോക്ക് ഡൗൺ മൂലം വ്യാവസായശാലകൾ, മറ്റു സ്ഥാപനങ്ങൾ, വാഹന ഗതാഗതം എന്നിവയെല്ലാം നിശ്ചലമായിരുന്നു. ഇത് കാരണം അന്തരീക്ഷ വായുവിലെ മലിനീകരണ തോത് വളരെയധികം കുറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. സ്ഥാപനങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും തള്ളപ്പെടുന്ന പുകപടലങ്ങളിലും മറ്റുമുള്ള കാർബൺ ഡയോക്‌സൈഡ്, മോണോക്‌സൈഡ്, സൾഫർ ഡയോക്‌സൈസ് ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ വലിയൊരു കാലയളവിൽ ഇല്ലാതായതാണ് അന്തരീക്ഷ മലിനീകരണ തോത് വളരെയധികം കുറച്ചത്. പൊടിപടലങ്ങളും അന്തരീക്ഷത്തിൽ കുറഞ്ഞു.ഇത് കാരണം അന്തരീക്ഷത്തിന് ഇടിമിന്നലിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുകയും നേരിട്ട് ഭൂമിയിൽ പതിക്കാനുള്ള സാഹചര്യം വർദ്ധിക്കുകയുമാണ് ചെയ്യുന്നത്. കാർമേഘവും ഭൂമിയും തമ്മിലുള്ള ചാലകത വർദ്ധിച്ച സാഹചര്യം നിലവിലുണ്ട്. മലയോര മേഖലകളിലായിരുന്നു മുമ്പ് ഇത്തരം സാഹചര്യം ഉണ്ടായിരുന്നതെങ്കിൽ നിലവിലെ സാഹചര്യത്തിൽ നഗര മേഖലകളിലും ഈ സാഹചര്യം നിലനിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഇടിമിന്നൽ മൂലം പലയിടങ്ങളിലും അപകടമുണ്ടായത് ഇതിന്റെ സൂചനയാണ്. 15 മീറ്ററോ അധിലധികമോ ഉയരം വരുന്ന കെട്ടിടങ്ങളിൽ നിർബന്ധമായും ഇടിമിന്നൽ സുരക്ഷാ സജ്ജീകരണങ്ങൾ നിർബ്ബന്ധമാക്കുക, വീടുകളിലും മറ്റും എർത്തിംഗ് സംവിധാനം കാര്യക്ഷമമാക്കുക, വൈദ്യുത ഉപകരണങ്ങളിലേക്ക് മിന്നൽ എത്താതിരിക്കാൻ വീടിനുള്ളിലെ ബോർഡിൽ സർജ് അറസ്റ്റ് സ്ഥാപിക്കുക, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങി ജനങ്ങൾ ധാരാളമെത്തുന്ന പൊതുസ്ഥലങ്ങളിൽ മിന്നലിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമായും ചെയ്യുക എന്നിവയിലൂടെ അപകടങ്ങൾ കുറയ്ക്കാനാവുമെന്ന് ഡോ. പി.രാജൻ പറഞ്ഞു.
കേരളത്തിൽ പൊതുവേ മിന്നലിന് സാധ്യത ഏറെയുളളതിനാൽ വരും ദിനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണുള്ളത്.
ഡോ. പി.രാജൻ