പാലക്കാട്: ജില്ലയിൽ നിന്നുള്ള 300 അന്യസംസ്ഥാന തൊഴിലാളികൾ കൂടി രാജസ്ഥാനിലേയ്ക്ക് മടങ്ങി. ആലത്തൂർ, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിൽ നിന്നുള്ള തൊഴിലാളികളാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വദേശത്തേക്ക് പോയത്. തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ച രാത്രി ഒമ്പതിന് പുറപ്പെട്ട ശ്രമിക് ട്രെയിനിലാണ് ഇവർ യാത്ര തിരിച്ചത്.
നാട്ടിലേയ്ക്ക് മടങ്ങിയ അതിഥി തൊഴിലാളികളെ താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളിൽ തെർമോമീറ്റർ ഉപയോഗിച്ച് ശരീര താപനില അളന്ന ശേഷം മറ്റ് കൊവിഡ് നിബന്ധനകൾ പാലിച്ച് അസുഖങ്ങൾ, രോഗ ലക്ഷണങ്ങൾ എന്നിവയില്ലെന്ന് ഉറപ്പുവരുത്തി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി കെ.എസ്.ആർ.ടി.സി ബസുകളിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. നാട്ടിലെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നൽകി.