പാലക്കാട്: ജില്ലയിൽ ഇന്നലെ 10 മാസം പ്രായമുള്ള ആൺകുഞ്ഞിന് ഉൾപ്പെടെ അഞ്ചുപേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
മെയ് 20ന് സലാലയിൽ നിന്നും വന്ന കാരാകുറുശ്ശിയിലുള്ള 10 മാസം പ്രായമുള്ള കുഞ്ഞ്, അമ്മയ്ക്കും നാലരവയസുള്ള സഹോദരിക്കും ഒപ്പമാണ് നാട്ടിലെത്തിയത്. മെയ് 17ന് ചെന്നൈയിൽ നിന്നും എത്തിയ ചെർപ്പുളശ്ശേരി സ്വദേശിയായ 58 കാരൻ, മെയ് 15ന് ചെന്നൈയിൽ നിന്നും എത്തിയ മണ്ണാർക്കാട്2 വില്ലേജ് സ്വദേശി 52കാരൻ, മെയ് 18ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ 44 വയസുകാരനായ ഒറ്റപ്പാലം വരോട് സ്വദേശി, മെയ് 11ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആലത്തൂർ തോണിപാടം സ്വദേശിയായ 50 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചെർപ്പുളശ്ശേരി, വരോട് സ്വദേശികളുടെ സാമ്പിൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. മണ്ണാർക്കാട്, കാരക്കുറിശ്ശി സ്വദേശികളുടെ സാമ്പിൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും തോണിപ്പാടം സ്വദേശിയുടെത് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച കുഞ്ഞിന്റെ അമ്മയും സഹോദരിയും നിരീക്ഷണത്തിലാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന എല്ലാവർക്കും യാത്ര പാസ് ഉണ്ടായിരുന്നു.
ഇതോടെ പാലക്കാട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഉൾപ്പെടെ 53 പേരായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂർ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.