പാലക്കാട്: അതിർത്തി ജില്ല എന്ന നിലയിൽ പാലക്കാട് കൊവിഡ്19 നുമായി ബന്ധപ്പെട്ട് കൂടുതൽ ഇടപെടലും ബോധവൽക്കരണവും ആവശ്യമാണെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ പൊതുഗതാഗതം ശക്തിപ്പെട്ടാൽ രോഗവ്യാപന സാധ്യതകൂടും. നാലുദിവസം കൊണ്ട് ജില്ലയിൽ 32 കോവിഡ്19 കേസുകൾ വർദ്ധിച്ചിരിക്കുന്നത് സമൂഹവ്യാപന സാധ്യതയ്ക്കുള്ള ആശങ്കയുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കും മറ്റും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത് സമൂഹവ്യാപനത്തിന്റെ ലക്ഷണമാണ്. മറ്റുസംസ്ഥാനങ്ങളിൽ നിന്നും 95 ശതമാനം ആളുകളും അതിർത്തി കടന്നെത്തിയിരിക്കുന്നത് ജില്ല വഴിയാണ്. രോഗലക്ഷണമില്ലാതെയാണ് നിരവധിപേർ വന്നിരിക്കുന്നത്. ചെറിയ രീതിയിലുള്ള സമ്പർക്കത്തിലൂടെപോലും ചെക്പോസ്റ്റുകളിൽ രോഗംപകർന്നിട്ടുണ്ട്.
ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ മൂന്നാംഘട്ടത്തിൽ സാധ്യമാവണമെന്നില്ല. പൊതുജനങ്ങൾ സ്വയം മനസിലാക്കി സഹകരിക്കേണ്ട ഘട്ടമാണിത്. വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടവർ പലപ്പോഴും അത് പാലിക്കുന്നില്ല. പഞ്ചായത്ത് തലത്തിലുള്ള നിരീക്ഷണ കമ്മിറ്റി ഫലപ്രദമായി ഇടപെട്ട് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണം.
പ്രവാസികളുടെ കാര്യത്തിൽ ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ അന്യസംസ്ഥാനത്തു നിന്നും വരുന്നവരുടെ കാര്യത്തിൽ ഇത് ഫലപ്രദമല്ല. ഇവർ സ്വമേധയാ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ചില്ലെങ്കിൽ സമൂഹവ്യാപനസാധ്യത ഉണ്ടാകുന്ന ആദ്യ ജില്ലയായി പാലക്കാട് മാറുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സിന്റെ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളും ശക്തിപ്പെടുത്തുന്നതിനായാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയാണ് പാലക്കാട്.