പാലക്കാട്: നീണ്ട അവധിക്കുശേഷം വിദ്യാർത്ഥികൾ ഇന്ന് പരീക്ഷയെഴുതാൻ സ്കൂളുകളിലേക്കെത്തും. പരീക്ഷകൾക്കായുള്ള മുന്നൊരുക്കങ്ങൾ കഴിഞ്ഞദിവസം തന്നെ പൂർത്തിയായിരുന്നു. അതീവ ജാഗ്രതയോടെയാകും ഓരോ വിദ്യാർത്ഥിയെയും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്നാരംഭിക്കും. ഹയർ സെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കമാകും.
ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിനടുത്ത് കൈകഴുകാൻ സൗകര്യവുമുണ്ടാകും. രാവിലെ കുട്ടികളെത്തുന്നതിന് മുമ്പ് ക്ലാസുകൾക്ക് പുറത്ത് സാനിറ്റൈസറും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
എസ്.എസ്.എൽ.സിക്ക് ജില്ലയിൽ പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലംവിദ്യാഭ്യാസ ജില്ലകളിലായി 199 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. പാലക്കാട് 99, മണ്ണാർക്കാട് 42, ഒറ്റപ്പാലം 58 എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ. ഇത്രയും കേന്ദ്രങ്ങളിലായി ആകെ 39266 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. ഹയർ സെക്കൻഡറി വിഭാഗത്തിൽ 148 കേന്ദ്രങ്ങളിലായി 80154 പേരാണ് പരീക്ഷയെഴുതുന്നത്. വി.എച്ച്.എസ്.ഇയ്ക്ക് 25 കേന്ദ്രങ്ങളിലായി 3822 വിദ്യാർത്ഥികളും പരീക്ഷയെഴുതും. പരീക്ഷയ്ക്ക് വരുന്ന എല്ലാ വിദ്യാർത്ഥികൾക്കും എൻ.എസ്.എസ്, ബി.ആർ.സി എന്നിവയുടെ കീഴിൽ നിർമ്മിച്ച മാസ്കുകൾ അതാത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തന്നെ കുട്ടികളുടെ വീടുകളിൽ എത്തിച്ചുകഴിഞ്ഞു. ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാസ്കുകളും തയ്യാറാണ്. ആവശ്യമായ മാസ്കുകൾ പരീക്ഷ കേന്ദ്രങ്ങളിലും ലഭ്യമാകും.
ഹോട്ട്സ്പോർട്ട് മേഖലയിൽ നിന്നുള്ളവർക്ക് പ്രത്യേകമുറി
ജില്ലയിലെ ഹോട്സ്പോർട്ട് മേഖലയിൽ നിന്നും വരുന്നവർ ക്വാറന്റൈയിൻ വീടുകളിൽ നിന്നുള്ളവർ എന്നിവർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക മുറികൾ സജ്ജമാണ്. കൂടാതെ സ്വകാര്യവാഹനങ്ങൾ ഇല്ലാത്തവർക്കായി ജില്ലയിലെ സ്കൂൾ ബസുകൾക്കു പുറമെ ആവശ്യമായ കെ.എസ്.ആർ.ടി.സി ബസുകളും ഉണ്ടാകും. അണുവിമുക്തമാക്കിയും സാമൂഹ്യ അകലം പാലിച്ചുമാകും ബസുകൾ സർവീസ് നടത്തുക.
മുതലമടയിലേക്ക് പ്രത്യേക സർവീസ്
പാലക്കാട്: കണ്ടെയ്ന്റ്മെന്റ് സോണിൽ ഉൾപ്പെടുന്ന മുതലമട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാകേന്ദ്രം നെന്മേനി എസ്.എൻ പബ്ലിക് സ്കൂളിലേക്ക് മാറ്റിയതോടെ ഇവിടെയുള്ള 12 വിദ്യാർത്ഥികൾക്കായി പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ് ഏർപ്പെടുത്തിയതായി സി.ഡി.ഇ പി.കൃഷ്ണൻ പറഞ്ഞു. ഈ വിദ്യാർത്ഥികളെ രാവിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കുകയും തിരിച്ച് വീട്ടിൽ കൊണ്ടുവിടുകയും ചെയ്യും. മറ്റു ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്കെല്ലാം സ്കൂൾ ബസുകളും സജ്ജമാണ്.
നെല്ലിയാമ്പതിയിൽ യാത്രാ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജീപ്പുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തയ്യാറായിട്ടുണ്ട്.
പതിവ് സർവീസുകൾ ഉണ്ടാകും
പ്രധാന റൂട്ടുകളിലേക്കെല്ലാം കഴിഞ്ഞ ദിവസങ്ങളിലേതുപോലെ സർവീസുകളുണ്ടാകും. പാലക്കാട് നിന്ന് ഒറ്റപ്പാലം, പട്ടാമ്പി എന്നിവിടങ്ങളിലേക്ക് അരമണിക്കൂറിലും വടക്കഞ്ചേരിക്ക് 20 മിനിറ്റിലും സർവീസുകളുണ്ടാകും. കൊഴിഞ്ഞാമ്പാറ, വണ്ടിത്താവളം, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശ്ശേന, പുതുനഗരം വഴി ചിറ്റൂർ, തോലന്നൂർ, കൊടുമ്പ് വഴി കൊഴിഞ്ഞാമ്പാറ, നെന്മാറ, ചെറുപ്പുളശ്ശേരി, മണ്ണാർക്കാട് എന്നിവിടങ്ങളിലേക്കും സർവീസ് ഉണ്ടാകും.
15ഓളം സ്വകാര്യ ബസുകൾ ഇന്നലെ നിരത്തിലിറങ്ങി
ജില്ലയിൽ ഇന്നലെ 15ൽ താഴെ സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയത്. പട്ടാമ്പി ഏഴ്, കൊഴിഞ്ഞാമ്പാറ ഒന്ന്, വടക്കഞ്ചേരി മൂന്ന് എന്നിങ്ങനെയാണ് സർവീസ് നടത്തിയത്. യാത്രക്കാരുടെ കുറവുമൂലം ഡീസലിനുപോലും കളക്ഷൻ ലഭിക്കാത്ത സാഹചര്യത്തിലാണ് ബസുകൾ നിരത്തിലിറങ്ങാത്തതെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ പറഞ്ഞു.