പാലക്കാട്: കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ 8362 പേർ വീടുകളിലും 74 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ഉൾപ്പെടെ ആകെ 8448 പേർ നിരീക്ഷണത്തിലുണ്ട്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 6245 സാമ്പിളുകളിൽ ഫലം വന്ന 5367 നെഗറ്റീവും 66 എണ്ണം പോസിറ്റീവാണ്. ഇതിൽ 14 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. ആകെ 44203 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 35755 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 8635 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.
കഴിഞ്ഞദിവസം ജില്ലയിൽ മടങ്ങിയെത്തിയത്
10 പ്രവാസികൾ
പാലക്കാട്: സാൻഫ്രാൻസിസ്കോ, മെൽബൺ എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞദിവസം വിമാനമിറങ്ങി ജില്ലയിലെത്തിയത് 10 പാലക്കാട് സ്വദേശികൾ. ഇവരിൽ 4 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ എത്തിയവരെയാണ് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏഴുപ്രവാസികൾ കൂടി
നിരീക്ഷണകാലാവധി
പൂർത്തിയാക്കി
14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ഏഴ് പ്രവാസികൾ കൂടി വീട്ടിലേക്ക് മടങ്ങി. ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിൽ നിരീക്ഷണത്തിലിരുന്ന മൂന്നുപേരും ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നിന്നുള്ള മൂന്നുപേരും പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്നുള്ള ഒരാളുമാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയിൽ 33 പ്രവാസികളാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കി കോവിഡ് കെയർ സെന്ററുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി 511 പ്രവാസികൾ നിരീക്ഷണത്തിൽ
ജില്ലയിൽ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 511 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 255 പേരാണ് ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈനിൽ ഉള്ളത്.
139 അന്യസംസ്ഥാന
തൊഴിലാളികൾ
രാജസ്ഥാനിലേക്ക് മടങ്ങി
പാലക്കാട്: ജില്ലയിൽ നിന്നും കഴിഞ്ഞദിവസം രാജസ്ഥാനിലേക്ക് മടങ്ങിയത് 139 അന്യസംസ്ഥാന തൊഴിലാളികൾ. പാലക്കാട്, പട്ടാമ്പി താലൂക്കുകളിൽ നിന്നുള്ള തൊഴിലാളികളുടെ സംഘമാണ് എറണാകുളത്ത് നിന്നു ജയ്പൂരിലേക്കുള്ള ട്രെയ്നിൽ നാട്ടിലേക്ക് പോയത്. കഴിഞ്ഞദിവസം രാത്രി 9.30 ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സംഘം ട്രെയ്നിൽ കയറിയത്. ജില്ലയിൽ നിന്നുള്ള ആറ് കെ.എസ്.ആർ.ടി.സി. ബസുകളിലായി തൊഴിലാളികളെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
കോവിഡ് 19 പ്രതിരോധം: ജില്ലാ പഞ്ചായത്ത്
2.30 കോടി അനുവദിച്ചു
പാലക്കാട്: ജില്ലാ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ആശുപത്രി ആയുർവേദ ആശുപത്രിയികൾക്കായി 2,30,13800 രൂപ അനുവദിച്ചു.
പി.പി.ഇ കിറ്റ്, എൻ 95 മാസ്ക് എന്നിവയ്ക്ക് 77 ലക്ഷം രൂപയും മോർച്ചറി ഫ്രീസറിന് 13 ലക്ഷം, ഡയാലിസിസ് മെഷീന് 1013800, ഐസോലേഷൻ വാർഡ് സജ്ജീകരിക്കൽ, റാംപ് ലിഫ്റ്റ് എന്നിവയ്ക്ക് 1,20,00000 എന്നിവയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ ആയുർവേദ ആശുപത്രിയിലേക്ക് പ്രതിരോധ മരുന്നുവാങ്ങാൻ 10ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.