പാലക്കാട്: ആശങ്കകൾക്ക് ഇടയിലും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച കൊവിഡ് 19 മാർഗ നിർദ്ദേശങ്ങളെല്ലാം പാലിച്ച് അതീവ ജാഗ്രതയോടെ ജില്ലയിലെ എസ്.എസ്.എൽ.സി - വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾ പരീക്ഷയെഴുതി പുറത്തിറങ്ങി.
രാവിലെ വി.എച്ച്.എസ്.ഇ പരീക്ഷയും ഉച്ചകഴിഞ്ഞ് എസ്.എസ്.എൽ.സി പരീക്ഷയും നടന്നു. ജില്ലയിലെ 199 കേന്ദ്രങ്ങളിലായി 39,225 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതി. 41 പേർക്ക് പലകാരണങ്ങളാൽ പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. രാവിലെ നടന്ന വി.എച്ച്.എസ്.ഇക്കാരുടെ പരീക്ഷയിലും ജില്ലയിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഹാജരായി. 25 കേന്ദ്രങ്ങളിലായി 3,822 വിദ്യാർത്ഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷയ്ക്ക് എത്തിയത്. ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് തുടങ്ങും. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്കും അവസരമുണ്ട്.
ഓരോ കുട്ടികളെയും തെർമൽ സ്കാകാനർ ഉപയോഗിച്ച് പരിശോധിച്ചാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്. ഇതിന് മുമ്പ് കൈകഴുകാനുള്ള സോപ്പും വെള്ളവും സ്കൂളുകളിൽ ഒരുക്കിയിരുന്നു. അദ്ധ്യാപകരും ആരോഗ്യപ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് സാനിറ്റൈസർ നൽകി.
എല്ലാ സ്കൂളുകളിലേക്കും പ്രവേശിക്കാൻ ഒരുവഴി മാത്രമാണ് ക്രമീകരിച്ചിരുന്നത്. പ്രവേശന കവാടം മുതൽ പരീക്ഷാ ഹാൾ വരെ വിദ്യാർത്ഥികൾ നിർദ്ദേശങ്ങൾ പാലിച്ചാണ് കടന്നുപോയത്.
കണ്ടെയ്ന്റ്മെന്റ് സോണുകളിൽ നിന്ന് എത്തിയ വിദ്യാർത്ഥികളെ പ്രത്യേക മുറിയിൽ ഇരുത്തിയാണ് പരീക്ഷ നടത്തിയതെന്ന് ഡി.ഡി.ഇ പി.കൃഷ്ണൻ പറഞ്ഞു.
മുഖാവരണം അണിഞ്ഞുകൊണ്ടുള്ള പരീക്ഷയെഴുതൽ പരിചയമില്ലാത്തതിനാൽ പലർക്കും അതൊരു ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. പക്ഷേ, പലരും നിറഞ്ഞ ചിരിയോടെയാണ് ഹാളിന് പുറത്തേക്ക് ഇറങ്ങിയത്.
ഒറ്റപ്പാലത്ത് ചിലയിടങ്ങളിൽ തെർമൽ സ്കാനർ പണിമുടക്കിയത് ആശങ്കയുണ്ടാക്കിയെങ്കിലും ഉടനെ പകരം ഉപകരണം കൊണ്ടുവന്ന് പ്രശ്നം പരിഹരിച്ചു. കൊല്ലങ്കോട്,പറമ്പിക്കുളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി വനംഡിവിഷന്റെ വാഹനം ക്രമീകരിച്ചിരുന്നു. ഇവരെ വിവിധ പരീക്ഷാ ഹാളുകളിലേക്ക് എത്തിച്ചു.