women
തൊഴിലുറപ്പ്

പാലക്കാട്: കൊവിഡ് കാലത്തും ജില്ലയിൽ തൊഴിലുറപ്പ് ജോലികൾ സജീവം. ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച ജോലികൾ ഏപ്രിൽ 22 ആണ് പുനഃരാരംഭിച്ചത്. ജില്ലയിൽ 88 പഞ്ചായത്തുകളിൽ 2762 നിർമ്മാണ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് പുറമെ തരിശ് ഭൂമി കൃഷിയോഗ്യമാക്കാനുള്ള ജോലികളാണ് കൂടുതലായി നടക്കുന്നത്. ദിനംപ്രതി 30,000 പേരാണ് മേഖലയിൽ ജോലി ചെയ്യുന്നത്. കൊവിഡ് 19 രോഗബാധ കൂടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്.

ഒരു ജോലിക്ക് പരമാവധി 20 പേരെയാണ് നിയോഗിക്കുക. ഇവരെ നാലായി തിരിച്ച് അഞ്ചുപേർ വീതം അടങ്ങുന്ന ഗ്രൂപ്പായാണ് പ്രവർത്തനം. തൊഴിലാളികൾക്ക് ആവശ്യമായ മാസ്‌കുകൾ കുടുംബശ്രീ വഴി നൽകും. കൂടാതെ ജോലിയിടങ്ങളിൽ കൈകഴുകാൻ സോപ്പ്, വെള്ളം എന്നിവയും ഏർപ്പെടുത്തുന്നുണ്ട്.

ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ നടാനുള്ള 75,000 ഫലവൃക്ഷത്തൈകളും തൊഴിലുറപ്പിന്റെ ഭാഗമായി വിവിധ നഴ്‌സറികളിൽ തയ്യാറാക്കി വരുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം 107.98 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതുവഴി 1.30 ലക്ഷം കുടുംബങ്ങൾക്ക് തൊഴിൽ ലഭിക്കും. ജില്ലയിൽ നിരവധി പേരാണ് മേഖലയിൽ ജോലി ചെയ്യുന്നത്.

ഈ വർഷം ഇതുവരെ കൂലിയിനത്തിൽ 8.02 കോടി രൂപയാണ് തൊഴിലാളികൾക്കായി നൽകിയത്. ജൂലായ് വരെ കൂലി നൽകാനുള്ള പണമുണ്ട്. ഇന്നലെ 32,157 തൊഴിലാളികളാണ് ജോലിക്കെത്തിയത്. 50,000 പേർക്ക് തൊഴിൽ നൽകാൻ ജില്ല സജ്ജമാണ്. തൊഴിലാളികളുടെ പ്രതിദിന കൂലി 271 രൂപയിൽ നിന്ന് 291 ആയി ഉയർത്തി.
-സി.എസ്.ലതിക, ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, എൻ.ആർ.ഇ.ജി.എസ്.