പാലക്കാട്: സംസ്ഥാന സർക്കാർ അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം പൂർത്തിയായി. ജില്ലയിൽ 7,19,271 കാർഡുടമകൾ ഭക്ഷ്യധാന്യ കിറ്റുകൾ കൈപ്പറ്റി. എല്ലാ വിഭാഗങ്ങളിലുമായി ആകെ 7, 40,272 കാർഡുടമകളാണ് ജില്ലയിലുള്ളത്.
വെളിച്ചെണ്ണ, റവ, ചെറുപയർ, കടല, ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സൺഫ്‌ളവർ ഓയിൽ, ഉഴുന്ന്, തൂവരപ്പരിപ്പ്, ആട്ട, തേയില, ഉലുവ, പഞ്ചസാര, കടുക്, അലക്കു സോപ്പ് എന്നീ 17 ഇനങ്ങളടങ്ങിയ കിറ്റ് ഏപ്രിൽ ഒമ്പത് മുതലാണ് വിതരണം ആരംഭിച്ചത്. അന്ത്യോദയ അന്നയോജന (മഞ്ഞകാർഡ്) വിഭാഗത്തിൽപ്പെട്ട ആദിവാസി മേഖലയിലാണ് സൗജന്യ കിറ്റുകൾ ആദ്യം വിതരണം ചെയ്തത്. 48, 382 അന്ത്യോദയ കാർഡുടമകളിൽ 47,569 പേർ സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകൾ ഏറ്റുവാങ്ങി.
ജില്ലയിൽ ഏറ്റവും കൂടുതൽ കാർഡുടമകളുള്ള മുൻഗണന വിഭാഗക്കാരിൽ (പിങ്ക് കാർഡ്) 3,05,830 പേർ കിറ്റുകൾ കൈപ്പറ്റി. ആകെ 3,09,315 പിങ്ക് കാർഡുടമകളാണുള്ളത്. 1,87,906 മുൻഗണനേതര വിഭാഗക്കാരിൽ (നീല കാർഡ്) 1,80,982 കാർഡുടമകളും കിറ്റുകൾ വാങ്ങി. 2,02,199 മുൻഗണനേതര വിഭാഗക്കാരിൽ (വെള്ള കാർഡ്) 1,84,890 പേർക്ക് കിറ്റുകൾ വിതരണം ചെയ്തു.
21നകം കിറ്റ് വിതരണം പൂർത്തീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പലയിടങ്ങളിലും മെഷീൻ തകരാറിലായതിനെ തുടർന്ന് വിതരണം 26 വരെ നീട്ടുകയായിരുന്നു.
-കെ.അജിത് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ.