പാലക്കാട്: ഗാർഹിക പീഡനങ്ങൾ നിയന്ത്രിക്കാൻ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേകം കേന്ദ്രം രൂപീകരിച്ചു. ഡൊമസ്റ്റിക് കോൺഫ്ലിക്ട് റെസലൂഷൻ സെന്റർ (ഡി.സി.ആർ.സി) എന്ന് പേരിലുള്ള കേന്ദ്രം കഴിഞ്ഞ 21 നാണ് ആരംഭിച്ചത്. ഗാർഹിക പീഡനങ്ങൾ കുറക്കുക, ഇരകൾക്ക് എത്രയും വേഗത്തിൽ ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ലോക്ക് ഡൗൺ ആരംഭിച്ചതോടെ സംസ്ഥാത്തെ പല ജില്ലകളിലും ഗാർഹിക പീഡനങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു ഈ സാഹചര്യത്തിലാണ് പൊലീസ് പുതിയ പദ്ധതിയുമായി എത്തുന്നത്.
പരാതിയുമായി കേന്ദ്രത്തിലേക്ക് നേരിട്ട് എത്തേണ്ടതില്ല ആവശ്യമില്ല, പകരം ചുമതലയുള്ള പൊലീസ് ടീമിന്റെ വാട്‌സ് ആപ്പ് നമ്പരിലോ ജില്ലാ വനിതാ സെല്ലിന്റെ ഇ മെയിൽ വിലാസത്തിലോ അയക്കാം. ബോധവത്കരണ ക്ലാസുകൾ, സ്വയം പ്രതിരോധം, നിയമസഹായം, കൗൺസിലിംഗ് തുടങ്ങിയവ സേവനങ്ങളും ലഭ്യമാവും. പരാതികൾ ലഭിച്ചാൽ പിങ്ക് പൊലീസ്, വിവിധ പൊലീസ് സ്‌റ്റേഷനുകളിലെ ഹെൽപ്പ് ഡെസ്‌കുകൾ വഴിയാണ് സേവനങ്ങൾ ലഭ്യമാകുക. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.ശശികുമാറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ. വനിതാ സെൽ സി.ഐ കെ.വി.മീനാകുമാരിയുടെ നേതൃത്വത്തിൽ രണ്ട് വനിതാ എസ്.ഐമാർ, സിവിൽ പൊലീസ് ഓഫീസർമാർ, കൗൺസിലർമാർ അടക്കം എട്ട് പേരടങ്ങുന്ന സംഘമാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പരാതി നൽകാൻ
ഇ.മെയിൽ: ciwmncelpkd.pol@kerala.gov.in
മൊബൈൽ: 9497987161,9497980650,9497962931
26 പരാതികൾ ലഭിച്ചു
കേന്ദ്രം രൂപീകരിക്കുന്നതിന് മുമ്പ് മെയ് ഏഴുമുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇന്നലെവരെ 26 പരാതികളാണ് ലഭിച്ചത്. ഇതിൽ ഒമ്പത് എണ്ണം അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. ബാക്കിയുള്ളവ നേരിട്ടുപോയി തീർപ്പാക്കി.
കെ.വി.മീനാകുമാരി, വനിതാസെൽ സി.ഐ, പാലക്കാട്