kollankode-paddy
പുതുനഗരത്തിന് സമീപം വില്പനയ്ക്കായി കുറ്റിയടിച്ച് തിരിച്ച ഇരുപ്പൂവൽ കൃഷിയിടം

കൊല്ലങ്കോട്: കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി സർക്കാർ തരിശ് ഭൂമിയിൽ കൃഷിയിറക്കാൻ ശ്രമിക്കുമ്പോൾ ഇരുപ്പൂവൽ നെൽകൃഷി സ്ഥലം തുണ്ടുകളായി വില്പനയ്ക്ക് ഉടമസ്ഥന്റെ ശ്രമം.
പുതുനഗരം അടിച്ചിറയ്ക്കും അമ്പലപ്പടി ബസ് സ്റ്റോപ്പിനും കിഴക്കായുള്ള ചട്ടിക്കാടൻപാടം എന്നറിയപ്പെടുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തി അളന്ന് തിരിച്ച് കുറ്റിയടിച്ച് വില്പനയ്ക്കായി തയ്യാറാക്കിയത്. അഞ്ചേക്കറോളം വരുന്ന പാടം തരിശിട്ടാണ് വില്പനയ്ക്ക് തയ്യാറാകുന്നത്. ജലസേചന കനാൽ കടന്നുപോകുന്നതിന്റെ ഇരുവശത്തുള്ള നെൽപ്പാടമാണ് അളന്ന് തിരിച്ചത്. നീർത്തട സംരക്ഷണ നിയമപ്രകാരം കാർഷികാവശ്യത്തിനായുള്ള നീർച്ചാലുകൾ സംരക്ഷിക്കാതെയാണ് ഇവിടെ ഭൂമാഫിയ പ്രവർത്തിക്കുന്നത്.

വില്ലകൾ,​ ഫ്ളാറ്റുകൾ തുടങ്ങി വീടുവെക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കൃഷി ഭവൻ,​ റവന്യൂ വകുപ്പ് എന്നിവയുടെ അനുമതിയില്ലാതെയാണ് അനധികൃത വില്പനയ്ക്കുള്ള ശ്രമമെന്ന് നാട്ടുകാർ പറയുന്നു.