ചിറ്റൂർ: നിരോധനാജ്ഞ തുടരുമ്പോഴും കിഴക്കൻമേഖലയിൽ തിരക്കിനൊരു കുറവുമില്ല. നാലാം ലോക്ഡൗൺ അവസാനിക്കാൻ രണ്ടുദിവസം മാത്രം അവശേഷിക്കേ കൊഴിഞ്ഞാമ്പാറ, വണ്ണാമട, എരുത്തേമ്പതി, കോഴിപ്പാറ, വേലന്താവളം, നല്ലേപ്പിള്ളി, ചിറ്റൂർ, തത്തമംഗലം, വണ്ടിത്താവളം മേഖലകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുത്. അതിർത്തി ജില്ലയായ പാലക്കാട് അതീവജാഗ്രവ വേണമെന്നും സമൂഹവ്യാപന സാദ്ധ്യത കൂടുതലാണെന്നും മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലും സർക്കാർ പ്രഖ്യാപിച്ച ഇളവ് മുതലെടുത്താണ് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്.
നിരോധനാജ്ഞ നിലനിൽക്കുമ്പോൾ നാലുപേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ലെന്ന നിർദ്ദേശങ്ങളൊന്നും ജനങ്ങൾ പാലിക്കുന്നില്ല. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും നിഷ്ക്രിയരാണ്. പേരിന് പോലുമൊരു പരിശോധന ഈ ഭാഗങ്ങളിൽ നടക്കുന്നില്ല. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി സോപ്പ്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കണം, മാസ്ക് ധിരക്കണം, സാമൂഹ്യ അകലം പാലിക്കണം എന്നിങ്ങനെ നിർദ്ദേശങ്ങളുണ്ടെങ്കിലും മിക്കയിടങ്ങളിലും ഇത് പാലിക്കുന്നില്ല. പലരും മാനദണ്ഡങ്ങൾ പാലിക്കാതെ രാത്രി ഏറെ വൈകിയും കടകൾ പ്രവർത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.