ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള പഞ്ചായത്ത്
ആറ് വാർഡുകൾ കണ്ടെയ്മെന്റ് സോണുകൾ
കടമ്പഴിപ്പുറം: കൊവിഡ് സ്ഥീരീകരിച്ച് 105 പേർ ചികിത്സയിൽ കഴിയുന്ന ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള പഞ്ചായത്തായി കടമ്പഴിപ്പുറം മാറി. ഇതുവരെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ആറു വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിക്കുകയും ചെയ്തു.
മാർച്ച് 24നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നര മാസത്തിന് ശേഷം മേയ് 11നാണ് കടമ്പഴിപ്പുറത്ത് ആദ്യമായി കൊവിഡ് ബാധയുണ്ടായത്. ചെന്നൈയിൽ നിന്നെത്തി നീരീക്ഷണത്തിൽ തുടർന്ന 13-ാം വാർഡിലെ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്നുള്ള ദിവസങ്ങളിൽ രണ്ടാം വാർഡ്, പുലാപ്പറ്റ നാലാം വാർഡ് അഴിയന്നൂർ 11-ാം വാർഡ് പാലാരി 15-ാം വാർഡ് പുല്ലുണ്ടശേരി 13ാം വാർഡ് എന്നിവിടങ്ങളിൽ ഒരാൾ വീതവും ആലങ്ങാട് 16ാം വാർഡിലെ മൂന്നുപേർക്കും വേട്ടേക്കര 18ാം വാർഡിലെ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു.
ഇതുവരെ 253 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തു നിന്നും പഞ്ചായത്തിലെത്തി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 99 പേരും ഇവരുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടെന്ന് സംശയിക്കുന്ന 40 പേരും വിദേശത്ത് നിന്നുവന്നയാളുൾപ്പെടെ 141 പേർ നിരീക്ഷണത്തിലുണ്ട്. 129 പേർ വീടുകളിലും ഏഴുപേർ ശ്രീകൃഷ്ണപുരം സെൻട്രൽ സ്‌കൂളിലും ഒരാൾ വേട്ടേക്കര എ.എൽ.പി.എസിലും മൂന്നുപേർ വിവിധ അംഗൻവാടികളിലുമാണ്. 170ൽ അധികം സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്കയച്ചത്.
സഹായമേകി സന്നദ്ധ സേന
നിരീക്ഷണത്തിൽ കഴിയുന്നവരെയും ആരോഗ്യ പ്രവർത്തകരെയും പൊലീസ് സേനയെയും സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരെ ദിവസവും രണ്ടുതവണ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും. ആരോഗ്യ വകുപ്പ് ജി.യു.പി.എസിൽ സ്രവ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ്- പഞ്ചായത്തുതല സമിതി സജീവമായി പ്രതിരോധ രംഗത്തുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് പുറമേ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളും നിരീക്ഷണത്തിലുണ്ട്. സമ്പർക്കം മൂലം രോഗം പകരാതിരിക്കാൻ പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ പൊലീസിന്റെ സഹായത്തോടെ കർശന നിയമ നടപടി സ്വീകരിക്കും. എല്ലാവരും നിയന്ത്രണങ്ങളോട് പൂർണമായും സഹകരിക്കണം.
-കെ.അംബുജാക്ഷി, പഞ്ചായത്ത് പ്രസിഡന്റ്