പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന മദ്യവില്പനശാലകൾ രണ്ടുമാസത്തിന് ശേഷം തുറന്നു. ബെവ് ക്യൂ ആപ് വഴിയും എസ്.എം.എസ് വഴിയുമുള്ള വെർച്വൽ ക്യൂ സംവിധാനത്തിലൂടെയുള്ള വില്പനയായതിനാൽ ബീവറേജ് ഔട്ട്‌ലെറ്റുകൾക്കു മുന്നിൽ പതിവുപോലെയുള്ള നീണ്ട വരികളുണ്ടായിരുന്നില്ല. പക്ഷേ, ജില്ലയിലെ ചില ബാറുകൾക്ക് മുന്നിൽ ഇന്നലെ തിരക്കുണ്ടായിരുന്നു.
പേരും മൊബൈൽ നമ്പറും പിൻകോഡും ഉപയോഗിച്ച് ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ വിൽപ്പന ശാല തിരഞ്ഞെടുക്കാൻ കഴിയാത്തത് ഉപഭോക്താക്കളെ വലച്ചു. പലർക്കും കിലോമീറ്ററുകൾ ദൂരത്തുള്ള വിൽപ്പനശാലകളിലാണ് ടോക്കൺ ലഭിച്ചത്. നിശ്ചിത സമയപരിധിക്കുള്ളിൽ അവിടെ എത്താനാവാത്തവർക്ക് മദ്യം വാങ്ങാനായില്ല. ഒരുതവണ ബുക്ക് ചെയ്തതിനാൽ ഇനി നാലുദിവസം കഴിഞ്ഞേ അതേ ഫോൺ നമ്പർ ഉപയോഗിച്ച് ബുക്ക് ചെയ്യാനാവു എന്നത് ഇവർക്ക് തിരിച്ചടിയാണ്. രാവിലെ ജില്ലയിലെ പല ഭാഗത്തും ആപ്പ് ഹാങ്ങായതിനെ തുടർന്ന് കുറച്ച് സമയത്തേക്ക് ബുക്കിംഗ് തടസപ്പെട്ടു. ഇതോടെ പുതുതായി ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയായെന്ന് ആളുകൾ പറയുന്നു. പത്തുമണിക്കു ശേഷമാണ് ഈ പ്രശ്‌നം പരിഹരിച്ചത്. വൈകീട്ട് അഞ്ചുവരെയായിരുന്നു വിൽപ്പന.

ഇതിനിടെ നഗരത്തിലെ ക്വാറന്റൈൻ കേന്ദ്രമായ ഒരു ബാർ ഹോട്ടലിൽ ടോക്കൺ ലഭിച്ചവർ മദ്യം വാങ്ങാനെത്തിയപ്പോൾ കളക്ടറുടെ ഉത്തരവിനെ തുടർന്ന് വിൽപ്പന നിരോധിച്ചതിനാൽ മറ്റൊരു ബാറിലേക്ക് മടക്കിയയച്ചു. ഇതോടെ അവിടെയും വലിയ തിരക്കനുഭവപ്പെട്ടു.
ജില്ലയിൽ ആകെ 38 ബാറുകൾ, 15 ബിയർ ആൻഡ് വൈൻ പാർലറുകൾ, 21 ബിവറേജസ് ഔട്ട്‌ലെറ്റുകൾ, രണ്ട് കൺസ്യൂമർഫെഡ് ഔട്ടുലെറ്റുകളാണുള്ളത്. തുറന്ന വില്പനശാലകളിലെല്ലാം ആരോഗ്യവകുപ്പ് നിഷ്‌കർഷിച്ച സുരക്ഷാക്രമീകരണങ്ങൾ പാലിച്ചായിരുന്നു വിതരണം. ജീവനക്കാരെയും മദ്യംവാങ്ങാനെത്തിയവരെയും തെർമൽ സ്‌കാനിംഗിന് വിധേയരാക്കി. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ഇ- ടോക്കൺ ലഭിച്ചവർക്ക് മാത്രമാണ് മദ്യം നൽകിയത്. തിരക്കുണ്ടായാൽ നിയന്ത്രിക്കാനും നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുമായി പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ കർശന പരിശോധനയുണ്ടായിരുന്നു.
ഹോട്ട്‌സ്‌പോട്ടായ ചെർപ്പുളശ്ശേയിലെ മിഥില, ഗായത്രി ഗ്രാന്റ്, ചിറ്റൂരിലെ സി.ഡി ബാറുകളിലും സർക്കാർ ക്വാറന്റൈൻ കേന്ദ്രമായ പാലക്കാട് ഇന്ദ്രപ്രസ്ഥ ബാറിലും, മലമ്പുഴയിലെ കെ.ടി.ഡി.സി, ഗോവർധന, കഞ്ചിക്കോട് കെ.ടി.ഡി.സി എന്നീ ബിയർ ആൻഡ് വൈൻ പാർലറുകളിലും വില്പന നടന്നില്ല.