പാലക്കാട്: കോവിഡ് 19 വ്യാപന ഭീതിക്കിടെ പുനരാരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയായി. ലോക്ക്ഡൗൺ നിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ നടത്തിയത്. അവസാന ദിവസമായ ഇന്നലെ 39,329 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇതിൽ 39,299 പേർ എഴുതി. 30 പേർ ഹാജരായില്ല. ജില്ലയിൽ ആകെ 199 പരീക്ഷാകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ കുടുങ്ങിയ 36 പേരിൽ 35 പേരും പരീക്ഷ എഴുതിയതായി ഡി.ഡി.ഇ പി. കൃഷ്ണൻ അറിയിച്ചു. കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ പരീക്ഷകളാണ് മൂന്നുദിവസങ്ങളിലായി നടന്നത്.
ഹയർ സെക്കൻഡറി പരീക്ഷ നാളെ അവസാനിക്കും. ഇന്നലെ പ്ലസ് വൺ പരീക്ഷ എഴുതേണ്ട 25,501 വിദ്യാർത്ഥികളിൽ 553 പേർ ഹാജരായില്ല. 24,948 പേർ പരീക്ഷയെഴുതി. പ്ലസ് ടുവിൽ 194 പേരാണ് പരീക്ഷ എഴുതാതിരുന്നത്. 13,268 പേരിൽ 13,074 പേർ പരീക്ഷ എഴുതി. വി.എച്ച്.എസ്.ഇയിൽ 10 കേന്ദ്രങ്ങളിലാണ് ഇന്നലെ പരീക്ഷ ഉണ്ടായിരുന്നത്. 524 കുട്ടികളാണ് എഴുതാനുണ്ടായിരുന്നതിൽ 522 പേരും പരീക്ഷ എഴുതി. രണ്ടുപേർ മാത്രമാണ് ഹാജരാകാതിരുന്നത്. വീണ്ടും പരീക്ഷ എഴുതാൻ അവസരമുണ്ടെന്നതിനാലാണ് പ്ലസ് വണ്ണിൽ കൂടുതൽ പേർ എത്താത്തത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിഗമനം. ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നതിനാൽ കുട്ടികളെ പരീക്ഷക്ക് അയക്കാൻ രക്ഷിതാക്കൾ മടിക്കുന്നതായും സൂചനയുണ്ട്. പരീക്ഷക്ക് എത്താത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സേ പരീക്ഷക്ക് അവസരമുണ്ട്.
പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്കായി എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും കൈകഴുകാനുള്ള സൗകര്യവും സാനിറ്റൈസറും സ്ഥാപിച്ചിരുന്നു. വിദ്യാർത്ഥികളുടെ ശാരീരിക അകലം ഉറപ്പിക്കാൻ നിർദേശങ്ങളുമായി അധ്യാപകരും പൊലീസും സജീവമായുണ്ടായിരുന്നു. സ്‌കൂളും പരിസരവും വൃത്തിയാക്കാനായി അഗ്‌നിരക്ഷാസേനയും ക്യാമ്പ് ചെയ്തു.