അലനല്ലൂർ: അമ്പലപ്പാറ വെള്ളിയാർ പുഴയിൽ കഴിഞ്ഞദിവസം ചരിഞ്ഞ കാട്ടാനയുടെ ജഡം വനത്തിൽ സംസ്‌കരിച്ചു. ഇന്നലെ രാവിലെ 7 മണിയോട ഡോ.ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ഉച്ചയ്ക്ക് 12ഓടെ മണ്ണാർക്കാട് റേഞ്ച് ഓഫീസർ യു.ആഷിഖ് അലി, ഡെപ്യൂട്ടി റേഞ്ചർ എം.ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ സർക്കാൻ വനത്തിൽ ദഹിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ മുതൽ അമ്പലപ്പാറയിൽ അവശ നിലയിൽ കണ്ട ആന പിന്നീട് കാട് കയറാതെ പുഴയിൽ നിലയുറപ്പിക്കുകയായിരുന്നു. വായയിൽ മുറിവേറ്റ് അവശ നിലയിലായ ആനയെ പുഴയിൽ നിന്നും കുങ്കിയാനകളെ ഉപയോഗിച്ച് കരയ്ക്ക് കയറ്റാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ പുഴയിൽ വച്ച് തന്നെ ചരിഞ്ഞു. തുടർന്ന് കുങ്കിയാനകളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അഗ്‌നി രക്ഷാ സേനയുടെയും നേതൃത്വത്തിൽ ജഡം കരക്കെത്തിച്ചാണ് മേൽനടപടികൾ സ്വീകരിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഡെപ്യൂട്ടി റേഞ്ചർ പറഞ്ഞു.