inogration
അയിലൂർ കയറാടിയിൽ വൃക്ഷതൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.

അയിലൂർ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൃക്ഷതൈ വിതരണം ആരംഭിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിക്കുന്നതിനായി ജില്ലയിലെ വിവിധ നേഴ്‌സറികളിൽ തയ്യാറാക്കിയ മൂന്നര ലക്ഷം വൃക്ഷതൈകളാണ് വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്‌കൂളുകൾ വഴി വിദ്യാർത്ഥികൾക്ക് വിതരണം നടത്താൻ കഴിയാത്തതിനാൽ ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് തൈകൾ വിതരണം ചെയ്യുന്നത്.


തൈകൾ തൊഴിലുറപ്പ് പദ്ധതി മുഖേനയും, കുടുംബശ്രീകൾ മുഖേനയും പൊതു ഇടങ്ങളിലും, സ്ഥാപനങ്ങളിലുമാണ് വച്ചുപിടിപ്പിക്കുന്നത്. അഗളി റേയ്ഞ്ചിന്റെ കീഴിലുള്ള കയറാടി, ആലംഞ്ചേരി, വെങ്ങന്നിയൂർ, കുറ്റിക്കൾചള്ള, തുടങ്ങി നഴ്‌സറികളിലായി വേങ്ങ, താന്നി, മാതളം, നെല്ലി, ഉങ്ങ്, പേര, മുള, കരിഞ്ഞാലി, പുളി, കണിക്കൊന്ന, മഹാഗണി, പൂവ്വരശ്ശ്, ലക്ഷ്മിതരു തുടങ്ങിയ 20 ഇനങ്ങളിലുള്ള തൈകളാണ് തയ്യാറായിട്ടുള്ളത്. കയറാടി നേഴ്‌സറിയിൽ നടന്ന ചടങ്ങിൽ അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.എം.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എസ്.വിനോദ്, സെക്ഷൻ ഫോറസ്റ്റർ എൻ.വൈ.വർഗീസ്, വി.ഐ.അലക്‌സ് എന്നിവർ സംബന്ധിച്ചു.