bar
മദ്യം

പാലക്കാട്: ബെവ് ക്യൂ ആപ്പിന്റെ തകരാർ രണ്ടാംദിനവും മദ്യംവാങ്ങാൻ വന്നവരെ വെട്ടിലാക്കി. ഇന്നലെ ജില്ലയിൽ റെഡ് സോണിൽ ഉൾപ്പെട്ട രണ്ട് ബാറുകളും രണ്ട് ബിയർ ആന്റ് വൈൻ പാർലറുകളും ഒഴികെയുള്ള എല്ലാ മദ്യശാലകളും തുറന്നു. എന്നാൽ, ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ കാര്യമായ തിരക്കില്ലായിരുന്നു.

ആപ്പ് ഡൗൺലോഡ്ചെയ്ത് ബുക്ക് ചെയ്ത കൂടുതൽ ആളുകൾക്കും ടോക്കൺ ലഭിച്ചത് കിലോമീറ്ററുകൾ അകലെയുള്ള ബാറുകളിലേക്കായിരുന്നു. കൂടാതെ ടോക്കൺ പരിശോധിക്കാനുള്ള സംവിധാനവും പ്രവർത്തിക്കാതെ വന്നതോടെ ബാറുകളിൽ പലതും ആളുകളുടെ വിശദാംശങ്ങൾ എഴുതിവച്ചാണ് വില്പന തുടർന്നത്.

ജില്ലയിൽ 21 ബിവറേജസ് ഔട്ട്ലെറ്റും രണ്ട് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റും 38 ബാറുകളും 15 ബിയർ ആന്റ് വൈൻ പാർലറുകളുമാണുള്ളത്. ഇതിൽ ചെർപ്പുളശേരിയിലെ രണ്ട് ബാറും ചിറ്റൂരിലെ ഒരു ബാറും മലമ്പുഴയിലെയും കഞ്ചിക്കോട്ടെയും ഓരോ ബിയർ – വൈൻ പാർലറും മാത്രമാണ് തുറക്കാതിരുന്നത്. തുറന്ന ബാറുകൾക്ക് മുന്നിൽ ചിലയിടങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. എങ്കിലും പൊലീസ് ഇടപെട്ട് ശാരീരിക അകലം ഉറപ്പാക്കി. മദ്യം വാങ്ങാനെത്തിയവർക്ക് കൈ കഴുകാനുള്ള വെള്ളവും സോപ്പും സാനിറ്റൈസറുകളും മദ്യശാലകൾക്ക് മുന്നിൽ ഒരുക്കിയിരുന്നു.

നീണ്ട രണ്ടുമാസത്തിന് ശേഷം മദ്യശാലകൾ തുറന്നതോടെ വിവിധ ബ്രാന്റുകളിലുള്ള മദ്യം വാങ്ങാൻ നിരവധിയാളുകളാണ് രാവിലെമുതൽ മദ്യശാലകൾക്ക് മുന്നിലെത്തുന്നത്. ഇവരിൽ ഭൂരിപക്ഷം ആളുകളും എം.എച്ചാണ് ആവശ്യപ്പെടുന്നത്. പക്ഷേ, പല ബിവറേജസ് ഒൗട്ട്ലെറ്റുകളിലും സാധനം സ്റ്റോക്കില്ല. ബാറുകളിലാണെങ്കിൽ അധിക വിലയാണ്. ഇതോടെ കിട്ടയ ബ്രാന്റ് വാങ്ങി കൊണ്ടുപോകേണ്ട അവസ്ഥയാണ്.

ലോക്ക് ഡൗണായതോടെ മദ്യകമ്പനികൾ ഉത്പാദനം നിറുത്തിവച്ചതോടെ സ്റ്റോക്കുകൾ ഒൗട്ട് ലെറ്റുകളിൽ എത്തുന്നത് കുറഞ്ഞു. നിലവിൽ ജില്ലയിലെ പല ഒൗട്ട് ലെറ്റുകളിലും 40 ശതമാനം സ്റ്റോക്ക് കുറവാണ്. ആപ്ലിക്കേഷനിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് രണ്ടുദിവസത്തിനകം മദ്യവില്പന പുനരാരംഭിക്കുന്നതോടെ സ്റ്റോക്ക് തികയാതെ വരുമെന്നും അധികൃതർ പറയുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാൻ ആപ്പ് അത്യാവശ്യമാണ്. എന്നാൽ സാങ്കേതിക തകരാർ പ്രതിസന്ധിയുണ്ടാക്കുന്നതുണ്ട്. ഉപഭോക്താക്കൾക്കുള്ള ആപ്പ് കാര്യക്ഷമമാക്കിയാൽ തിരക്കില്ലാതെ ജില്ലയിൽ മദ്യവിൽപ്പന നടത്താനാകും. ഇതിനാണ് ശ്രമിക്കേണ്ടത്.
-സി.പി.ധനേഷ്, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്