security

പാലക്കാട്: കഞ്ചിക്കോട് ആതുരാശ്രമം വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ സെക്യൂരിറ്റി ജീവനക്കാരനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

കോഴിക്കോട് കണ്ണോത്ത് പുത്തേറ്റ് വീട്ടിൽ ജോണാണ് (71) കൊല്ലപ്പെട്ടത്. ആക്രമണ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും കൊലയാളിയുടെ മുഖം വ്യക്തമല്ല.

വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം.

ഹോസ്റ്റലിന് പുറകിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ട അന്തേവാസികൾ വാർഡനെ വിവരമറിയിച്ചു. ഇതേതുടർന്ന് ജോൺ ടോർച്ചും വടിയുമായെത്തി അജ്ഞാതനെ ഹോസ്റ്റലിന് മുന്നിലെത്തിച്ച് തടഞ്ഞുവയ്ക്കാൻ ശ്രമിച്ചു. ഇതോടെ വടി പിടിച്ചുവാങ്ങി ജോണിന്റെ തലയ്ക്കടിക്കുകയായിരുന്നു. താഴെ വീണ ജോണിന്റെ തലയിൽ വീണ്ടും അടിച്ചശേഷം സമീപം പാർക്ക് ചെയ്ത വാഹനത്തിന്റെ മറവിലൂടെ രക്ഷപ്പെട്ടു.

ഹോസ്റ്റൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ജോണിനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാർഡൻ ഉൾപ്പെടെ 13പേരാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. അക്രമി മുഖം മറയ്ക്കാത്തതിനാൽ മോഷണമായിരിക്കില്ല ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ തെളിവെടുപ്പ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനാ ഫലം ലഭ്യമായശേഷം പോസ്റ്റുമോർട്ടം നടത്തും.