ശ്രീകൃഷ്ണപുരം: റെഡ് സോൺ ജില്ലകളിൽ നിന്ന് വന്ന് കടമ്പഴിപ്പുറത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഡാറ്റ ചോർന്നു. 140ഓളം ആളുകളുടെ പേരും മൊബൈൽ നമ്പറും അഡ്രസും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്.
കടമ്പഴിപ്പുറം പഞ്ചായത്തിൽ നിന്ന് ചോർന്ന വിവരങ്ങൾ നവമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. 'ഈ ലിസ്റ്റിൽ കാണുന്ന ആളുകൾ റെഡ് സോൺ ജില്ലകളിൽ നിന്നും വന്നവരാണ്, സൂക്ഷിക്കണം" എന്ന കുറപ്പോടെയാണ് 140ഓളം ആളുകളുടെ പേരും മൊബൈൽ നമ്പറും വീട്ട് അഡ്രസും ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
ജില്ലാ ഭരണകൂടം വിവരം കൈമാറിയിട്ടുള്ളത് കടമ്പഴിപ്പുറം പഞ്ചായത്തിനാണ്. പഞ്ചായത്തിൽ നിന്നാണ് വിവരങ്ങൾ ചോർന്നിരിക്കുന്നത്. എന്നാൽ രോഗം സ്ഥിരീകരിക്കാത്ത ആളുകളുടെ വിവരമായതിനാൽ ഇത് പ്രചരിപ്പിച്ചതിൽ തെറ്റില്ല എന്ന വിശദീകരണമാണ് അധികൃതരുടേത്. ഇത്തരം വിവരം പ്രചരിക്കുന്നത് നിരീക്ഷണത്തിൽ കഴിയുന്നവരെയും കുടുംബത്തെയും സമൂഹം ഒറ്റപ്പെടുത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിഷയത്തിൽ ജില്ലാ ഭരണകൂടമോ ആരോഗ്യ വകുപ്പോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.