പാലക്കാട്: ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക തകരാർ ആളുകളെ വല്ലാതെ വട്ടംകറക്കിയെങ്കിലും ആദ്യരണ്ട് ദിവസത്തിൽ ജില്ലയിലെ ബിവറേജസ് ഒൗട്ട് ലെറ്റുകൾ വഴി മാത്രം വിറ്റത് 3.49 കോടിയുടെ മദ്യം. 38 ബാറുകളുടെയും 15 ബിയർ ആന്റ് വൈൻ പാർലറുകളുടെയും കണക്കുകൾ കൂട്ടാതെയാണിത്. ലോക്ക് ഡൗണിനെ തുടർന്ന് രണ്ടുമാസം അടച്ചിട്ട മദ്യശാലകൾ തുറന്നതോടെ എത്ര കഷ്ടപ്പെട്ടാലും സാധനം വാങ്ങാനുള്ള തത്രപ്പാടിലായിരുന്നു ആളുകൾ. പലരും കിലോമീറ്ററുകൾ സഞ്ചരിച്ചും മണിക്കൂറുകൾ കാത്തുനിന്നുമാണ് മദ്യം വാങ്ങി പോകുന്നത്.
ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക തകരാറുകൾക്കിടയിലും ജില്ലയിലെ 21 ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴിമാത്രം 3.49 കോടിയുടെ കച്ചവടം നടന്നിട്ടുണ്ട്, ഇന്നലെത്തെ വിറ്റുവരവും കൂടിയാകുമ്പോൾ അത് കൂടും. രണ്ടുദിവസത്തെ ബാറുകളുലെയും കണക്കെടുക്കുമ്പോൾ അത് ഇരട്ടിയാകും. ഔട്ട്‌ലൈറ്റുകൾ തുറന്ന ആദ്യദിനം 1.89കോടിയും വെള്ളിയാഴ്ച 1.60 കോടി രൂപയുടെയും വില്പന നടന്നു. ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ ആയതിനാലും നാളെ ഒന്നാം തിയതിയായതിനാലും ഇന്നലെ ബാറുകളിലും ബിവറേജസ് ഒൗട്ട് ലെറ്റുകൾക്ക് മുന്നിലും തിരക്ക് കൂടുതലായിരുന്നു.
കൺസ്യൂമർ ഫെഡിലും തിരക്ക്
പാലക്കാട്ടെയും ഒറ്റപ്പാലത്തെയും കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ആദ്യദിനം 20 ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നു. എന്നാൽ രണ്ടാം ദിവസം അത് കുത്തനെ ഇടിഞ്ഞു. ഒറ്റപ്പാലത്ത് ആദ്യദിനം 7.3 ലക്ഷം വരുമാനമുണ്ടായെങ്കിൽ പിറ്റേന്നത് രണ്ടുലക്ഷമായി. പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപമുള്ള കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ലെറ്റിൽ ആദ്യദിനത്തിൽ 9.7ലക്ഷം രൂപയുടെ വരുമാനമുണ്ടായി. ആപ്പിന്റെ തകരാർ മൂലം രണ്ടാംദിനം 75,000 രൂപയുടെ കച്ചവടമേ നടന്നിട്ടുള്ളൂ.
സ്റ്റോക്ക് കുറയുന്നു
വിവിധയിനങ്ങളിലെ സ്റ്റോക്കിലുണ്ടായ കുറവാണ് രണ്ടാം ദിവസം വരുമാനം കുറയാൻ കാരണം. ലോക്ക് ഡൗൺ കാരണം മദ്യ കമ്പനികൾ ഉല്പാദനം നിറുത്തിയത് ഒൗട്ട് ലെറ്റുകളിലെ സ്റ്റോക്കിനെ ബാധിച്ചു. ജില്ലയിൽ പലയിടത്തും സ്റ്റോക്കിൽ 40% കുറവുണ്ട്. ബിവറേജസ്, കൺസ്യൂമർ ഔട്ട്‌ലെറ്റുകളിലായി ആകെ 3.69 കോടിയുടെ വില്പനയാണ് രണ്ട് ദിവസത്തിലായി നടന്നത്. ആപ്പ് പൂർണ തോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ വലിയ വരുമാനമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾ പ്രതീക്ഷിക്കുന്നത്.