online-class
ക്ളാസ്

പാലക്കാട്: മൂന്നുമാസം നീണ്ട അവധിക്ക് ശേഷം സ്‌കൂളുകളിൽ മറ്റൊരു അദ്ധ്യയന വർഷത്തിന് നാളെ തുടക്കമാകുമ്പോൾ പതിവില്ലാത്ത ആശങ്കകളാണ് സാധാരണക്കാരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും. സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് ഓൺലൈനായി പഠിക്കുന്നതെങ്ങനെയെന്ന സംശയമാണ് ഗ്രാമീണ മേഖലകളിലെ ഭൂരിഭാഗം രക്ഷിതാക്കൾക്കും.

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഒന്നാംതരം മുതൽ പത്തുവരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. വീടുകളിൽ ടി.വി, സ്മാർട്ട്‌ ഫോൺ, ഇന്റർനെറ്റ് എന്നിവ ഇല്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്ക് പോലും ക്ലാസ് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്നാണ് സർക്കാർ പറയുന്നത്.

സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി ഉൾപ്പെടെയുള്ള മേഖലകളിൽ പോലും ഓൺലൈൻ ക്ലാസിന് വേണ്ട സൗകര്യം ഒരുക്കുന്ന തിരക്കിലാണ് അധികൃതർ. ജില്ലയിൽ ഇത്തരത്തിൽ 31,000 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഇല്ലെന്നാണ് എസ്.എസ്.എ നടത്തിയ സർവേയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതിനായി വായനശാലകളിലൂടെ ജനപ്രതിനിധികളുടെയും മറ്റും സഹായത്തോടെ സൗകര്യമൊരുക്കാനുള്ള പ്രവർത്തനമാണ് നിലവിൽ പുരോഗമിക്കുന്നത്. ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചായിരിക്കും ക്ലാസ്.

സൗകര്യം ഉറപ്പാക്കും

ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കും. നാളെ ആദ്യ ക്ലാസിന് ശേഷം ജില്ലയിലെ പരിമിതികൾ മനസിലാക്കാൻ സാധിക്കും. എത്ര കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന കണക്കുകൾ പരിശോധിച്ച് അടിയന്തരമായി ബദൽ സൗകര്യം ഏർപ്പെടുത്തും.

-പി.കൃഷ്ണൻ, ഡി.ഡി.ഇ, പാലക്കാട്.