dr-p-rajan
ഡോ.പി.രാജൻ

മണ്ണാർക്കാട്: കെ.എസ്.ഇ.ബി.യെ ജനകീയമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച ചാരിതാർത്ഥ്യത്തോടെ മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമമിടുകയാണ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഡോ.പിരാജൻ.
ജോലി ലഭിച്ച ശേഷവും അറിവിന്റെ പുതിയ വാതായനങ്ങൾ തേടിയുള്ള യാത്രയാണ് എൻജിനീയർ രാജനെ ഡോ.പി.രാജനാക്കി മാറ്റിയത്. മാനേജ്‌മെന്റ് സയൻസിൽ നേടിയ പി.എച്ച്.ഡി.യോടെ കെ.എസ്.ഇ.ബി.യിലെ 'ഡോക്ടറാ"യി അദ്ദേഹം മാറി. പൊതുജനങ്ങളുമായി വലിയ അടുപ്പമില്ലാതിരുന്ന ജീവനക്കാരെ ജനകീയ ഇടപെടലിന് പ്രേരിപ്പിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്തത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ്.

ഔദ്യോഗിക ജീവിതത്തിന് വിരാമമാകുന്നെങ്കിലും തുടർന്നും ഊർജ്ജതന്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനം തുടരും. ഐക്യരാഷ്ട്ര സംഘടനയുടെ എനർജി കൺസൾട്ടന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള നടപടിക്രമം പൂർത്തിയായി. അരകുറുശി സ്വദേശിയായ രാജൻ മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. ഊർജ്ജവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും രചിച്ചു. ഡോ.മിന്ദു രാജനാണ് ഭാര്യ. മക്കളായ അർജ്ജുനും അമൃതയും ഡോക്ടർമാരാണ്.

പദ്ധതികൾ സമയബന്ധിതമായി തീർക്കാനായി

വിവിധ കാലങ്ങളിലായി നിരവധി വികസന പ്രവർത്തനങ്ങൾ സമയ ബന്ധിതമായി തീർക്കാനായി. അട്ടപ്പാടി, അലനല്ലൂർ, കല്ലടിക്കോട് 33 കെ.വി സബ് സ്റ്റേഷൻ, അട്ടപ്പാടിയിലെ കാറ്റാടിപ്പാടം, മലപ്പുറം ജില്ല സമ്പൂർണ്ണ വൈദ്യുതീകരണം, സംസ്ഥാനത്തെ ആദ്യത്തെ കമ്മ്യൂണിറ്റി സോളാർ പദ്ധതി അട്ടപ്പാടി ചാളയൂരിൽ സ്ഥാപിച്ചത്, ഓപ്പറേഷൻ അനന്ത പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് നഗരത്തിൽ നടത്തിയ വികസനങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഏറ്റവും ഒടുവിൽ സർക്കാറിന്റെ ജനകീയമായ കെ.ഫോൺ പദ്ധതി പൂർത്തീകരിക്കുന്ന ആദ്യ ഡിവിഷനാകാൻ മണ്ണാർക്കാടിനെ മാറ്റിയെടുക്കാനായി. സഹപ്രവർത്തകരുടെ കൂട്ടായ്മയും ഊഷ്മളമായ സഹകരണവുമാണ് ഇതെല്ലാം സാദ്ധ്യമാക്കിയത്.