സർവീസ് നടത്തുക ജി ഫോം ക്ലിയറൻസ് ലഭിച്ചവ
പാലക്കാട്: ലോക്ക് ഡൗൺ നാലാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ നാളെ മുതൽ സ്വകാര്യ ബസുകളും നിരത്തിലിറങ്ങും. ഇതിനകം ജി ഫോം ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ച ബസുകളാവും നാളെ മുതൽ ജില്ലയ്ക്കകത്ത് സർവീസ് നടത്തുക.
ക്ഷേമനിധി, ഇൻഷ്വറൻസ് ഇളവുകൾ ലഭിക്കണമെങ്കിൽ മിനിമം 60 ദിവസമെങ്കിലും ബസുകൾ നടത്തിയിട്ടില്ലെന്ന ആർ.ടി.ഒയുടെ ജി ഫോം ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കണം. ഇതോടെ 28, 29, 30 തിയ്യതികളിലായി ജില്ലയിലെ നിരവധി സ്വകാര്യ ബസുടമകളാണ് ജി ഫോം നൽകി കാത്തിരിക്കുന്നത്. നടപടി പൂർത്തീകരിക്കുന്ന മുറയ്ക്ക് ടൗൺ സർവീസുകൾ ഉൾപ്പെടെ ആരംഭിക്കാനാണ് തീരുമാനം.
കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് വ്യത്യസ്തമായി സ്വകാര്യ ബസുകളിൽ രണ്ടുവശത്തും രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റുകളാണുള്ളത്. യാത്രക്കാരുടെ എണ്ണവും വളരെ കുറച്ചുമാത്രമേ അനുവദിക്കൂ. അതിനാൽ രണ്ടു സീറ്റുകൾക്കിടയിലൂടെ സാമൂഹിക അകലം പാലിച്ച് ബസിന്റെ വലിപ്പം അനുസരിച്ച് അഞ്ചുമുതൽ പത്തുപേരെ നിറുത്തിക്കൊണ്ടുപോകാൻ ഉടമകൾ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്ടത്തിലോടിയത് 20ൽ താഴെ
നിലവിൽ ഇരുപതിൽ താഴെ ബസുകൾ മാത്രമാണ് ജില്ലയിൽ സർവീസ് നടത്തിയത്.
യാത്രക്കാരില്ലാത്തതിനാൽ ദിനംപ്രതി 1000 മുതൽ 3000 രൂപ വരെ അധിക ചെലവുണ്ട്.
കൂടുതൽ ബസുകൾ ഇറങ്ങിയാൽ യാത്രക്കാരും കൂടുമെന്നാണ് ഉടമകളുടെ പ്രതീക്ഷ.
നിറുത്തിയിട്ട ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് സർവീസ് പുനഃരാരംഭിക്കുന്നത്. കുറച്ചുദിവസം സർവീസ് നടത്തി നഷ്ടം കണക്കാക്കി ആവശ്യമെങ്കിൽ വീണ്ടും ജി ഫോം നൽകി നിറുത്തിയിടാനും ആലോചനയുണ്ട്. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുണ്ടായാൽ രണ്ടു ജില്ലകൾ ബന്ധിപ്പിച്ചുള്ള ബസുകളും ഓടും. പരമാവധി ബസുകൾ നിരത്തിലിറക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-ടി.ഗോപിനാഥൻ, ജനറൽ കൺവീനർ, ബസ് ഓപ്പറേറ്റേർസ് കോ ഓർഡിനേഷൻ കമ്മിറ്റി