പാലക്കാട്: ജില്ലയിൽ ഒരു ആരോഗ്യ പ്രവർത്തകനും ആംബുലൻസ് ഡ്രൈവർക്കും നാലുവയസുകാരിക്കും ഉൾപ്പെടെ ഒമ്പതുപേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറുപേർ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 128 ആയി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.
ചെന്നൈയിൽ നിന്ന് 18ന് വന്ന പുതുനഗരം കരിപ്പോട്, പുതുശേരി കാവുങ്കൽ പറമ്പ് സ്വദേശികൾക്കും കുവൈറ്റിൽ നിന്ന് 13ന് വന്ന പാലപ്പുറം സ്വദേശി, 21ന് ജില്ലയിലെത്തിയ തൃത്താല തലക്കശേരി സ്വദേശി, ഒമാനിൽ നിന്ന് 21നെത്തിയ കാരകുറുശി സ്വദേശികളായ അമ്മയും മകളും തെലുങ്കാനയിൽ നിന്ന് 18ന് എത്തിയ കോട്ടായി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വാളയാർ ചെക്ക് പോസ്റ്റിൽ ജോലി ചെയ്തിരുന്ന ആലത്തൂർ സ്വദേശിയായ ആരോഗ്യപ്രവർത്തകനും കോട്ടായി സ്വദേശിയായ ആംബുലൻസ് ഡ്രൈവറുമാണ് ഇന്നലെ കൊവിഡ് പോസിറ്റീവായ മറ്റുള്ളവർ. പാലക്കാട് നഗരസഭ, പട്ടാമ്പി, തച്ചമ്പാറ എന്നിവ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ഇവിടെങ്ങളിൽ നിയന്ത്രണം കർശനമാക്കും.