മണ്ണാർക്കാട്: ഒരിടവേളയ്ക്ക് ശേഷം മൈലാംപാടത്ത് വീണ്ടും പുലിയിറങ്ങി. രണ്ടു മാസങ്ങൾക്ക് മുമ്പ് നാട്ടുകാരെയും ടാപ്പിംഗ് തൊഴിലാളികളെയും ഭീതിയിലാഴ്ത്തിയ പുലിയെ വനംവകുപ്പ് പിടികൂടി കാടുകയറ്റിയിരുന്നു. തുടർന്ന് ഒരു മാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ചകളിലാണ് പുലി പ്രദേശവാസികളെ വീണ്ടും ഭീതിയിലാക്കി മേഖലയിൽ സ്വൈര വിഹാരം തുടങ്ങിയത്.
നിസ്‌കാര പള്ളിയുടെ സമീപത്ത് കണ്ടതായി നാട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അധികൃതർ പരിശോധിച്ചപ്പോഴാണ് മൈലാംപാടം ബ്രദേഴ്സ് ക്ലബ്ബിന്റെ മുൻവശത്തായി സ്ഥാപിച്ച സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യം കണ്ടത്. വെള്ളിയാഴ്ച പുലർച്ചെ 2:50ന് കൂടിയാണ് ഈ പ്രദേശത്തുകൂടി പുലി കടന്നുപോയത്.
കാരാപ്പാടം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതും ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. പൊതുപ്രവർത്തകനായ കണ്ണന്റെ വീടിന് 15 മീറ്റർ അകലെവരെ വന്ന കാട്ടാന വലിയ പനകൾ തള്ളിമറിച്ച് ഭക്ഷിച്ചു. ഇന്നലെ രാത്രി രണ്ടിനാണ് കാട്ടാന ഇറങ്ങിയത്. നാട്ടുകാർ ലൈറ്റടിച്ചും വലിയ ശബ്ദങ്ങൾ ഉണ്ടാക്കിയും രാത്രി തന്നെ ആനകളെ പുഴ കടത്തി വിട്ടു.