പാലക്കാട്: ജില്ലയിൽ നിന്ന് ട്രെയിൻ മാർഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 7437 അന്യസംസ്ഥാന തൊഴിലാളികൾ. മേയ് ആറിനാണ് 1208 തൊഴിലാളികളുമായി ജില്ലയിൽ നിന്നുള്ള ആദ്യസംഘം ഒഡീഷയിലേക്ക് യാത്രയായത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നിന്നാരംഭിച്ച് പാലക്കാട് വഴി പോയ 13 ട്രെയിനുകളിലായാണ് തൊഴിലാളികൾ മടങ്ങിയത്. താലൂക്ക് അടിസ്ഥാനത്തിൽ ആരോഗ്യ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി കെ.എസ്.ആർ.ടി.സി ബസുകളിലാണ് ഇവരെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്.
20ന് ഉത്തർപ്രദേശിലേക്ക് 1435, 21ന് തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് പോയ ട്രെയിനിൽ 615, 23ന് തിരുവനന്തപുരത്ത് നിന്ന് രാജസ്ഥാനിലേക്ക് പോയ ട്രെയിനിൽ 298 പേർ, പാലക്കാട്- ബീഹാർ ട്രെയിനിൽ 1475, 24ന് തിരുവനന്തപുരം- മിസോറാം ട്രെയിനിൽ 54, കോഴിക്കോട് ഉത്തരാഖണ്ഡ് ട്രെയിനിൽ 20, 25ന് തിരുവനന്തപുരം- ചത്തീസ്ഖണ്ഡ് ട്രെയിനിൽ 87, എറണാകുളം- ജയ്പൂർ ട്രെയിനിൽ 139, 27ന് പാലക്കാട്- ബീഹാർ ട്രെയിനിൽ 953, 28ന് തിരുവന്തപുരം- അഗർത്തല ട്രെയിനിൽ 97, 29ന് തിരൂർ- ജാർഖണ്ഡ് ട്രെയിനിൽ 109, 30ന് എറണാകുളം- ജാർഖണ്ഡ് ട്രെയിനിൽ 687, ഇന്നലെ എറണകുളം- മദ്ധ്യപ്രദേശ് ട്രെയിനിൽ 260 പേർ ഉൾപ്പടെയാണ് 7437 പേർ മടങ്ങിയത്.
ഇന്നലെ പോയത് മദ്ധ്യപ്രദേശുകാർ
ജില്ലയിൽ നിന്നുള്ള 260 തൊഴിലാളികളും മലപ്പുറത്ത് നിന്നുള്ള 437 പേരുൾപ്പടെ 697 തൊഴിലാളികൾ ഇന്നലെ പുലർച്ചെ 2.45ന് മദ്ധ്യപ്രദേശിലേക്ക് തിരിച്ചു. എറണാകുളത്ത് നിന്ന് മദ്ധ്യപ്രദേശിലേക്ക് പോകുന്ന ട്രെയിനിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മണ്ണാർക്കാട്, പാലക്കാട്, പട്ടാമ്പി താലൂക്കുകളിൽ നിന്നുള്ള തൊഴിലാളികൾ യാത്ര തിരിച്ചത്.