road
റോഡ്

ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ കിഴക്കേപുരക്കിൽ കോളനി റോഡ് കൈയേറി കമ്പിവേലി കെട്ടി ഗേറ്റ് വച്ച് പ്രദേശവാസികളുടെ വഴി തടസപ്പെടുത്തിയ വാർഡംഗം കെ.പി.രാധകൃഷ്ണനെതിരെ നടപടി വേണമെന്ന് ബി.ജെ.പി.

2018-19 വർഷം 4,98,500 രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത റോഡാണ് വീട്ടിലേക്കുള്ള സ്വകാര്യവഴിയാണെന്നു വാർഡംഗം അടച്ചത്. റോഡ് നിർമ്മാണത്തിന് ബ്ലോക്ക് പഞ്ചായത്ത് തുക അനുവദിച്ചതായി പട്ടികജാതി വികസന ഓഫീസിൽ നിന്നുള്ള വിവരാവാകാശ രേഖ വ്യക്തമാക്കുന്നുണ്ട്. പ്രായമായവരും വികലാംഗരും ഉപയോഗിക്കുന്ന നടവഴി കൈയേറിയ നടപടി പ്രതിഷേധാർഹമെന്നും തുറന്ന് കൊടുക്കാൻ നടപടിയെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് എസ്.ദുർഗാദാസ്, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അരവിന്ദാക്ഷൻ, മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് മാടമ്പി, മണികണ്ഠൻ, വിജയൻ മലയിൽ, ഹരികോട്ടപ്പുറം എന്നിവർ സ്ഥലം സന്ദർശിച്ചു.

പരാതി നൽകി

വാർഡംഗം വേലി കെട്ടിയടച്ച വഴി തുറന്നു നൽകണമെമന്നാവശ്യപ്പെട്ട് കോളനിവാസികൾ സബ് കളക്ടർ, ആർ.ഡി.ഒ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, സി.ഐ എന്നിവർക്ക് പരാതി നൽകി.