കൂറ്റനാട്: അച്ഛനും അമ്മയും ഹോം ക്വാറന്റൈനിൽ കഴിയുന്നതിനിടെ പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. ചാലിശേരി മുക്കില പീടിക റോയൽ ഡെന്റൽ കോളേജിന് സമീപം മണ്ണാര പറമ്പിൽ മങ്ങാട്ടുവീട്ടിൽ മുഹമ്മദ് സാദിഖ്- ലിയാന ദമ്പതികളുടെ മകൻ മുഹമ്മദ് നിസാനാണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തിനാണ് സംഭവം. കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ വീടിനുള്ളിലെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫലം വന്ന ശേഷമേ പോസ്റ്റുമോർട്ടം നടത്തൂ. സാദിഖിനൊപ്പം ഇൻഡോറിൽ നിന്നുവന്ന ഇളയച്ഛന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കുടുംബാംഗങ്ങൾ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്. ചാലിശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.