കോന്നി: കോവിഡ് 19തിനെ തുടർന്ന് ഉണ്ടാകാൻ സാദ്ധ്യതയുള്ള ക്ഷാമ കാലത്തെ നേരിടാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഗ്രീൻ കോന്നി പദ്ധതിയിലേക്ക് രണ്ട്ഏക്കർ ഭൂമി കൃഷിക്കായി നല്കി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട. അരുവാപ്പുലം പഞ്ചായത്തിലെ ഐരവണിലുള്ള രണ്ട് ഏക്കർ തരിശുഭൂമി പദ്ധതിയ്ക്കായി നല്കാൻ ഹരിദാസ് ഇടത്തിട്ട തയാറാണെന്നറിയിച്ചതിനെ തുടർന്ന് എം.എൽ.എയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയാണെന്ന് സംഘം വിലയിരുത്തി. ഹരിദാസ് ഇടത്തിട്ടയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ കൂടിയാലോചനയിൽ ഭൂമിയിൽ കപ്പ,വാഴ,പച്ചക്കറി തുടങ്ങിയ കൃഷികൾ നടത്താൻ തീരുമാനിച്ചു.ഹരിദാസ് ഇടത്തിട്ടയുടെ പശുവളർത്തൽ ഫാമിൽ നിന്നും ലഭിക്കുന്ന ചാണകപ്പൊടി ഉപയോഗിച്ച് ജൈവകൃഷിയാണ് നടത്തുന്നത്.കൃഷി വകുപ്പ് സബ്സിഡിയും, സാങ്കേതിക സഹായങ്ങളും നല്കും.വന്യമൃഗശല്യം ഒഴിവാക്കാൻ ഫെൻസിംഗ് നടത്തും.എം.എൽ.എയോടൊപ്പം ഹരിദാസ് ഇടത്തിട്ട,കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലൂയിസ് മാത്യു,അരുവാപ്പുലം കൃഷി ആഫീസർ ആർ.റിയാസ് തുടങ്ങിയവരും ഉണ്ടായിരുന്നു.