പത്തനംതിട്ട : പടയണിയുടെ നാട്ടിൽ തൃശൂരിലെ പുലിയിറങ്ങി. കേൾക്കുമ്പോൾ എവിടെയോ എന്തോ തകരാറ് പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്. തൃശൂരിലെ പുലിക്കളിയിൽ നിറയുന്ന പുലിക്കൂട്ടം കടമ്മനിട്ട കൊല്ലം പറമ്പിൽ രഞ്ചിത്തിന്റെ കൈകളിൽ പിറന്നതാണ്. ഫ്യൂസായ ബൾബിൽ അക്രല്ലിക് പെയിന്റിൽ വരച്ചെടുത്ത് വെള്ളയ്ക്കായുടെ തോട് ഒട്ടിച്ച് പ്ലാവില കൊണ്ട് ഒട്ടിച്ചാണ് പുലി രൂപം ഉണ്ടാക്കുന്നത്. തൃശൂരിലെ ഫേസ് ബുക്ക് പേജുകളിൽ ഇപ്പോൾ രഞ്ചിത്താണ് താരം. പടയണി കലാകാരനായ രഞ്ചിത്ത് മക്കളായ ഈശ്വരിയ്ക്കും ഐശ്വര്യയ്ക്കുമായി ഉണ്ടാക്കിയതാണ് പുലി രൂപങ്ങൾ. ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ വന്നപ്പോൾ സമയം കളയാനായി കണ്ടെത്തിയ മാർഗമായിരുന്നു പുലി നിർമ്മാണം. ഇപ്പോൾ പുലി രൂപങ്ങളുടെ ആവശ്യക്കാരായി നിരവധിപേരുണ്ട്. ഫ്യൂസായി വലിച്ചെറിയുന്ന ബൾബ് പറമ്പിൽ ചില്ലായി കിടക്കുന്നതിനേക്കാൾ നല്ലതല്ലേ ഇങ്ങനെയുള്ള നിർമിതികൾ എന്നാണ് രഞ്ചിത്തിന്റെ ചോദ്യം. പടയണി കലാകാരനായത് കൊണ്ട് തന്നെ പ്രകൃതിയ്ക്ക് ദോഷകരമായ ഒന്നിനോടും താൽപര്യമില്ല.

കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും പടയണി അവതരിപ്പിക്കുന്നയാളാണ് രഞ്ചിത്ത്. അമ്മ കമലമ്മയും ഭാര്യ സന്ധ്യയും കലാജീവിതത്തിന് പൂർണ പിന്തുണ നൽകുന്നു.