ചിറ്റാർ : ലോക്ക് ഡൗണിൽ അവശ്യസാധനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്കായി ചിറ്റാറിൽ ആശ്വാസത്തിന്റെ സവാരിയുമായി ഒരു ഒാട്ടോറിക്ഷയുണ്ട്.

ചിറ്റാർ പന്നിയാർ കോളനിയിൽ പുളിനിൽക്കുംകാലായിൽ വീട്ടിൽ സാംകുട്ടി (52) യാണ് സൗജന്യയാത്രയുടെ സാരഥി. കഴിഞ്ഞ പത്തുവർഷമായി ചിറ്റാർ ഒാട്ടോ സ്റ്റാൻഡിലെ പരിചിത മുഖമാണ് സാംകുട്ടിയുടേത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും പോലെ ഇൗ ഒാട്ടോക്കാരനും വീട്ടിൽ ഒതുങ്ങുകയായിരുന്നു. ഒരു ദിവസം വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനായി പുറത്തുപോയപ്പോൾ വാഹനമില്ലാതെ പലരും ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രായമായവർ പലരും തലചുമടുമായി നടക്കാനാകാതെ ബുദ്ധിമുട്ടുന്ന ദയനീയ കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു.

നിർദ്ധനർക്ക് സഹായം ഒരുക്കാൻ തീരുമാനമെടുത്തതിന് പിന്നാലെ

ചിറ്റാർ പൊലീസ് സ്റ്റേഷനിൽ പോയി അനുമതി വാങ്ങി. തുടർന്ന് പുളിനിൽക്കുംകാലായിൽ എന്ന് പേരുള്ള ഒാട്ടോയുടെ ഗ്ലാസിൽ സൗജന്യ സവാരി എന്ന് പോസ്റ്റർ ഒട്ടിച്ചു. ചിറ്റാറിന്റെ മുക്കിലും മൂലയിലും ആവശ്യക്കാർക്ക് ആശ്വാസമായി ഇപ്പോൾ സാംകുട്ടിയുടെ വാഹനം ഒാടിയെത്താറുണ്ട്.

സവാരിയുടെ ഒരു ദിനം

ദിവസവും 250 രൂപയുടെ ഡീസലൊഴിച്ചാണ് സാംകുട്ടിയുടെ വാഹനം രാവിലെ 9ന് ചിറ്റാർ സ്റ്റാൻഡിൽ എത്തുന്നത്. മാർക്കറ്റിൽ ഡ്യൂട്ടിക്കുള്ള പൊലീസിന്റെ അടുത്ത് എത്തി വാഹനം ആവശ്യപ്പെട്ടാൽ സൗജന്യ സവാരി തരപ്പെടും. 20 ദിവസമായി സൗജന്യയാത്ര തുടരുകയാണ്. ശരാശരി 800രൂപയുടെ ഓട്ടം ദിവസേന സൗജന്യമായി ഓടുന്നുണ്ട്. സാംകുട്ടിയെ വിളിക്കാം ഫോൺ : 9495032851.