പന്തളം: നാട്ടിലെ പ്രാവുകളുടെ ചങ്ങാതിയാണ് പൂഴിക്കാട് കിഴക്ക് തുളസീ ഭവനത്തിൽ രാജമ്മ. ലോക്ക് ഡൗണിലും ഇൗ ബന്ധം മുറിയാതെ തുടരുന്നു. രാജമ്മ പ്രാവുകളെ ഊട്ടാൻ തുടങ്ങിയിട്ട് 35 വർഷത്തിലേറെയായി. പ്രാവുകൾക്ക് തീറ്റ നൽകികൊണ്ടാണ് ഇൗ വീട്ടമ്മയുടെ ഒരു ദിവസം ആരംഭിക്കുന്നത്.
രാവിലെ ഉണർന്നാൽ ആദ്യം വീടിനു മുന്നിലുള്ള പൂഴിക്കാട് നന്ദനാർ ക്ഷേത്രത്തിന്റെ മുറ്റത്തേക്ക് ധാന്യങ്ങളുമായി എത്തും. ഇവിടെ പ്രാവുകൾ കൂട്ടത്തോടെ പറന്നു വരും, വാരി വിതറുന്ന ധാന്യങ്ങളെല്ലാം കൊത്തിപെറുക്കി തിന്നിട്ടേ മടങ്ങുകയുള്ളു. ഗോതമ്പും അരിയുമാണ് നൽകുന്നത്. അരക്കിലോ മുതൽ ഒരു കിലോ വരെ ധാന്യങ്ങളാണ് ദിനംപ്രതി വേണ്ടിവരുന്നത്. രാജമ്മയല്ലാതെ മറ്റാരും ധാന്യങ്ങൾ നൽകിയാൽ ഈ പ്രാവുകൾ കഴിക്കാറില്ല. ആറ് വർഷങ്ങൾക്ക് മുമ്പ് രാജമ്മ മഞ്ഞപ്പിത്തം ബാധിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പ്രാവുകൾ പത്ത് ദിവസത്തോളം തീറ്റയെടുക്കാൻ തയ്യാറായില്ല. അന്ന് മകൻ സത്യനും ഭാര്യയും ധന്യങ്ങൾ നൽകിയെങ്കിലും രാജമ്മയെ കാണാതെ പ്രാവുകൾ മടങ്ങുകയായിരുന്നു. സമീപകാലത്താണ് ഹരിജൻ മന്ദിരത്തോട് അനുബന്ധിച്ച് സാംബവ മഹാസഭയുടെ നേതൃത്വത്തിൽ നന്ദനാർക്ഷേത്രം പണിതത്. അതിന് മുമ്പ് ഈ കെട്ടിടമായിരുന്നു പ്രാവുകളുടെ വാസസ്ഥലം.